അഗര്‍ത്തല: ഫെബ്രുവരി 16 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു.മറ്റ് എട്ട് മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്തു.അഗര്‍ത്തലയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ പങ്കെടുത്തു. ബിജെപിയുടെ വടക്കുകിഴക്കന്‍ വിജയങ്ങളുടെ ശില്പിയും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡ, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്, സിക്കിം മുഖ്യമന്ത്രി പി എസ് തമാംഗ് എന്നിവരും പങ്കെടുത്തു. വേദിയില്‍ ബിജെപിയുടെ ബിപ്ലബ് ദേബും ഉണ്ടായിരുന്നു.പുതിയ മന്ത്രിമാരില്‍ നാല് പേരെ മുന്‍ സര്‍ക്കാരില്‍ നിന്ന് നിലനിര്‍ത്തിയിട്ടുണ്ട്. അവര്‍ രത്തന്‍ ലാല്‍ നാഥ്, പ്രണജിത് സിംഗ് റോയ്, ശാന്തന ചക്മ, സുശാന്ത ചൗധരി എന്നിവരാണ്. ബിപ്ലബ് ദേബിന്‍റെ വിശ്വസ്തനായ ടിങ്കു റോയ്, ബി.ജെ.പിയുടെ പട്ടികവര്‍ഗ മോര്‍ച്ചയുടെ തലവന്‍ ബികാഷ് ദേബ്ബര്‍മ, സുധാന്‍ഷു ദാസ് എന്നീ മൂന്ന് പുതിയ മന്ത്രിമാരെ കൂടി ബിജെപി ഉള്‍പ്പെടുത്തി.ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപിയുടെ സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയ്ക്ക് (ഐപിഎഫ്ടി) ഒരു മന്ത്രിസ്ഥാനം ലഭിച്ചു. ഐപിഎഫ്ടിയില്‍ നിന്നുള്ള ശുക്ല ചരണ്‍ നൊയതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.