ത്രിപുരയില്‍ മികച്ച പോളിംഗ്

Kerala Top News

ഒറ്റപ്പെട്ടയിടങ്ങളില്‍ സംഘര്‍ഷം

അഗര്‍ത്തല : ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്.81 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പല ബൂത്തുകള്‍ക്കു മുമ്പിലും രാവിലെ തന്നെ വലിയനിര രൂപപ്പെട്ടിരുന്നു. അവസാന മണിക്കൂറുകളിലും വന്‍ തിരക്കനുഭവപ്പെട്ടു.45 ഓളം സ്ഥലങ്ങളില്‍ വോട്ടെടുപ്പ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി. ഇവിടങ്ങളില്‍ യന്ത്രം മാറ്റി വോട്ടെടുപ്പ് തുടര്‍ന്നു. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമം എല്ലാ പാര്‍ട്ടികളും നടത്തി. ഒറ്റപ്പെട്ടയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി . ശാന്തിര്‍ബസാര്‍, ധന്‍പൂര്‍, ഹൃഷ്യാമുഖ്,ബെലൂനിയ തുടങ്ങിയിടങ്ങളില്‍ ബിജെപി,സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ബോക്സനഗര്‍, കക്രബെന്‍ എന്നിവിടങ്ങളിലും സംഘര്‍ഷമുണ്ടായി.മുന്‍കാലങ്ങളെ അപേക്ഷിച്ച് അക്രമം കുറവായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്.
അമിത് ഷായും രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും തന്നോട് സംസാരിച്ചെന്ന് തിപ്രമോത പാര്‍ട്ടി നേതാവ് പ്രത്യുദ് ദേബ് ബര്‍മന്‍ അവകാശപ്പെട്ടു. തൂക്കു നിയമസഭയെങ്കില്‍ തിപ്ര മോതയുടെ നിലപാട് നിര്‍ണ്ണായകമാകും. കഴിഞ്ഞ തവണ 36 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു. അധികാരത്തിലേക്ക് തിരിച്ചുവരാന്‍ ഇക്കുറി കഴിയുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.ഒരു ശതമാനമുള്ള വോട്ട് വ്യത്യാസം കോണ്‍ഗ്രസുമായുള്ള ധാരണയിലൂടെ മറികടക്കാം എന്നാണ് സിപിഎം കരുതുന്നത്. പുതിയ പാര്‍ട്ടിയായ തിപ്ര മോതയുടെ സാന്നിധ്യവും ഫലം പ്രവചനാതീതമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *