തോല്‍വിയിലും തലയുയര്‍ത്തി ഇന്ത്യന്‍ വനിതകള്‍

Sports

റിയോ ഡി ജനീറോ: ബ്രസീലില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര വനിതാ ഫുട്ബാളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം.
കരുത്തരായ ബ്രസീലിനോട് 16 നാണ് തോറ്റത്. രണ്ട് ഗോള്‍ അടിച്ച കെരോളി ഫെറസ് ആണ് ബ്രസീല്‍ നിരയില്‍ തിളങ്ങിയത്. ദെബോറ ഒളിവേര, ജിയോവാന കോസ്റ്റ, അരിയഡിന ബോര്‍ജസ്, ഗെയ്സെ ഫെരൈറ എന്നിവര്‍ ഓരോ ഗോളുകളും സ്വന്തമാക്കി. വനിതാ ലീഗില്‍ കേരള ക്ളബായ ഗോകുലം കേരളയ്ക്കു വേണ്ടി കളിക്കുന്ന മനീഷയാണ് ഇന്ത്യയുടെ ആശ്വാസഗോള്‍ നേടിയത്.
മത്സരം ആരംഭിച്ച് 52ാം സെക്കന്‍ഡില്‍ തന്നെ ഒളിവേര ബ്രസീലിനെ മുന്നിലെത്തിച്ചു. എന്നാല്‍ എട്ടാം മിനിട്ടില്‍ മനീഷ ഇന്ത്യക്കു വേണ്ടി സമനില ഗോള്‍ നേടി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ദേശീയ ടീം ബ്രസീലിനെതിരെ ഗോള്‍ നേടുന്നത്. പ്യാരി ക്സാസ നല്‍കിയ പാസില്‍ നിന്നുമാണ് മനീഷ ഇന്ത്യയുടെ ചരിത്ര ഗോള്‍ നേടിയത്. ബ്രസീലിന്‍റെ ആക്രമണത്തിനുള്ള പ്രത്യാക്രമണമായി ഇന്ത്യ നടത്തിയ മുന്നേറ്റത്തില്‍ നിന്നുമാണ് മനീഷയുടെ ഗോള്‍ പിറക്കുന്നത്. വലതു വിങ്ങിലൂടെ ബ്രസീല്‍ താരം ഇന്ത്യന്‍ ബോക്സിലേക്ക് നല്‍കിയ ക്രോസ് ഇന്ത്യന്‍ പ്രതിരോധനിര ക്ലിയര്‍ ചെയ്യുകയും പന്ത് പ്യാരിയുടെ കാല്‍ക്കലെത്തുകയും ചെയ്തു. ഇന്ത്യയുടെ പകുതിയില്‍ നിന്ന് തന്നെ പ്യാരിയില്‍ നിന്നും ലോംഗ് പാസ് സ്വീകരിച്ച മനീഷ ഇടതുവിങ്ങിലൂടെ കുതിക്കുകയും ബ്രസീല്‍ ബോക്സിന് തൊട്ടടുത്ത് എത്തിയശേഷം ഷോട്ടെടുക്കുകയും ആയിരുന്നു.
സ്കോര്‍ കാണിക്കുന്നതിന് വിപരീതമായി അവസാനം വരെ പൊരുതിയതിന് ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ ബ്രസീലിന് മുന്നില്‍ അടിയറവ് പറഞ്ഞത്. ലോക റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ട ബ്രസീലിനെ ആദ്യ പകുതിയില്‍ 21ന് തളയ്ക്കാന്‍ കഴിഞ്ഞത് തന്നെ ഇന്ത്യന്‍ വനിതകളെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ഇന്ത്യയേയും ബ്രസീലിനേയും കൂടാതെ ചിലിയും വെനസ്വേലയുമാണ് ടൂര്‍ണമെന്‍റിലെ മറ്റ് ടീമുകള്‍.

Leave a Reply

Your email address will not be published. Required fields are marked *