കൂരാച്ചുണ്ട്: ബാലുശേരി ടൂറിസം കോറിഡോര്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കല്ലാനോട് തോണിക്കടവ് ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ഭാഗമായ വാച്ച് ടവറിന്റെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.
എം.കെ. രാഘവന് എംപി മുഖ്യാതിഥിയാകും. രണ്ടു ഘട്ടങ്ങളിലായി വിനോദ സഞ്ചാര വകുപ്പിന്റെ 3.9 കോടി രൂപ ചെലവഴിച്ചാണ് ജലസേചന വകുപ്പിന്റെ കൈവശമുള്ള പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ടിക്കറ്റ് കൗണ്ടര്‍, കഫറ്റീരിയ, വ്യൂ ടവര്‍, വാക് വേ, സീറ്റിംഗ്, ആംഫി തിയേറ്റര്‍, ഗ്രീന്‍ റൂം, മാലിന്യ സംസ്കരണം, കുട്ടികളുടെ പാര്‍ക്, ബോട്ട് ജെട്ടി, ലാന്‍ഡ് സ്കേപ്പിംഗ് തുടങ്ങിയവയാണ് ഒരുക്കുന്നത്.