തൊഴില്‍, സംരംഭക മേഖലകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി

Latest News

തിരുവനന്തപുരം : സംസ്ഥാനത്തിന്‍റെ തൊഴില്‍, സംരംഭക മേഖലകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ വികസന കോര്‍പ്പറേഷന്‍ അടക്കമുള്ള സംരംഭങ്ങള്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍റെ 35-ാം വാര്‍ഷികവും കെ.ആര്‍. ഗൗരിയമ്മ എന്‍ഡോവ്മെന്‍റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
സ്ത്രീ സമൂഹത്തിന്‍റെ ക്ഷേമ, വികസന കാര്യങ്ങള്‍ സമൂഹത്തിന്‍റെ പൊതുവായ വികസനത്തിന് ഒഴിവാക്കാനാകാത്തതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീ മുന്നേറ്റത്തില്‍ കേരളം വലിയൊരു അടിത്തറയുണ്ടാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ പങ്കാളിത്തം അതിന്‍റെ ഏറ്റവും വലിയ തെളിവാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇക്കാര്യത്തില്‍ കേരളത്തിനുള്ളതെന്നാണു നാഷണല്‍ സര്‍വേ ഓണ്‍ ഹയര്‍ എഡ്യൂക്കേഷന്‍ വ്യക്തമാക്കുന്നത്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ധാരാളം സ്ത്രീകള്‍ കേരളത്തിലുണ്ട്. അവരുടെ ശേഷി കൂടുതല്‍ വികസിപ്പിക്കണം. വ്യവസായ ഉത്പാദന തൊഴില്‍ രംഗങ്ങളിലെ പങ്കാളിത്തം കൂടുതല്‍ വിപുലപ്പെടുത്തണം.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു പ്രാബല്യത്തില്‍വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടേയും ഭരണഘടനാ വ്യവസ്ഥകളുടേയും നടപ്പിലാക്കല്‍ അവലോകനം ചെയ്യുക, ശക്തിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കായി 14 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ചുള്ള വ്യത്യസ്തങ്ങളായ നിരവധി പദ്ധതികളും വകയിരുത്തലുകളും ബജറ്റിന്‍റെ ഭാഗമായുണ്ട്. ഇതുമായി മുന്നോട്ടുപോകുമ്പോള്‍ത്തന്നെ പുതിയ കാലഘട്ടത്തിന്‍റെ നൂതന മുന്നേറ്റത്തേയും വനിതാ മുന്നേറ്റത്തിന് ഉപയോഗിക്കാന്‍ കഴിയണം. വനിതാ വികസന കോര്‍പ്പറേഷനെപ്പോലുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മികച്ച ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ശ്രീമൂലം ക്ലബില്‍ നടന്ന ചടങ്ങില്‍ കെ.ആര്‍. ഗൗരിയമ്മ എന്‍ഡോവ്മെന്‍റിന്‍റെയും കെ.എസ്.ഡബ്ല്യു.ഡി.സി വാര്‍ഷികാഘോഷങ്ങളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായുള്ള സിഗ്നേച്ചര്‍ വിഡിയോയും അദ്ദേഹം പ്രകാശനം ചെയ്തു. ആരോഗ്യ, വനിതാ – ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി ഗതാഗത ആന്‍റണി രാജു കോര്‍പ്പറേഷന്‍റെ മുന്‍ അധ്യക്ഷന്മാരെ ആദരിച്ചു. മുന്‍ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി പി.കെ. ശ്രീമതി ടീച്ചര്‍ ഗൗരിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി, മാനേജിങ് ഡയറക്ടര്‍ വി.സി. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *