തൊഴിലവസരങ്ങള്‍ക്ക് വൈവിധ്യവല്‍ക്കരണം
അനിവാര്യം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Uncategorized

കണ്ണൂര്‍: സംരഭക സ്ഥാപനങ്ങള്‍ വൈവിധ്യവല്‍ക്കരണത്തിലൂടെ മന്നോട്ടു പോയാല്‍ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായ തൊഴിലാളികള്‍ക്ക് വിവിധ തൊഴില്‍ പദ്ധതികളുടെ ഭാഗമായുള്ള ആടും കൂടും പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായുള്ള വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇതിലൂടെ ദരിദ്രരില്ലാത്ത സമൂഹ സൃഷ്ടിയാണ് ലക്ഷ്യം. ബീഡി, കൈത്തറി, പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ എന്നിവരെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.
അടിസ്ഥാന വര്‍ഗ്ഗക്കാരായ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചാല്‍ മാത്രമേ കേരളത്തിന് മുന്നോട്ടു പോകാന്‍ സാധിക്കും എന്നും സര്‍ക്കാര്‍ തൊഴിലാളികള്‍ക്കൊപ്പമുണ്ട് എന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ചാണ് ബീഡി തൊഴിലാളികള്‍ക്ക് മിനി ആടുവളര്‍ത്തല്‍ യൂണിറ്റ് ആരംഭിക്കുന്നതിനായി രണ്ട് ആടും ഒരു കൂടും നല്‍കുന്നത്. സംസ്ഥാനത്ത് 650 തൊഴിലാളികള്‍ക്കാണ് ഇവ ലഭ്യമാക്കുക. 20 കോടി രൂപ വിനിയോഗിച്ച് തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന 15 സ്കീമുകളില്‍ ഒന്നാണ് ആടും കൂടും പദ്ധതി. ബീഡിത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്ടോപ്പ്, സൈക്കിള്‍ വിതരണം, ബീഡിത്തൊഴിലാളികള്‍ക്കുള്ള കോഴിയും കൂടും, തയ്യില്‍ മെഷിന്‍ എന്നീ സ്കീമുകള്‍ ഇതുവരെ നടപ്പാക്കി.

Leave a Reply

Your email address will not be published. Required fields are marked *