തെറ്റിദ്ധാരണയുണ്ടാക്കിയാല്‍ നിയമനടപടി : മന്ത്രി ശിവന്‍കുട്ടി

Kerala

പാഠ്യപദ്ധതിപരിഷ്കരണം

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
സാംസ്കാര ശൂന്യവും വസ്തുതാവിരുദ്ധവും സമനില തെറ്റിയതുമായ ഒരു പരാമര്‍ശം ഒരു ലീഗ് നേതാവില്‍ നിന്ന് ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടു. ലീഗ് നേതാവിന്‍റെ പരാമര്‍ശങ്ങളോടുള്ള നിലപാട് മുസ്ലിം ലീഗ് വ്യക്തമാക്കണം. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ജനകീയ ചര്‍ച്ചയ്ക്ക് തയ്യാറാക്കിയ കുറിപ്പിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ലീഗ് നേതാവ് ചെയ്യുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹിമാന്‍ രണ്ടത്താണി നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് മന്ത്രിയുടെ പ്രതികരണം. കണ്ണൂരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രണ്ടത്താണിയുടെ വിവാദ പ്രസംഗം.ലീഗ് നേതാവിന്‍റെ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ചര്‍ച്ചയ്ക്കുള്ള കുറിപ്പില്‍ ഉണ്ടെന്ന് തെളിയിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി വെല്ലുവിളിച്ചു.മിക്സഡ് സ്കൂള്‍ സംബന്ധിച്ചും യൂണിഫോം സംബന്ധിച്ചും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. സ്കൂളും അധ്യാപക – രക്ഷകര്‍തൃ സമിതിയും തദ്ദേശഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് എടുക്കുന്ന തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് തലത്തില്‍ പരിശോധിച്ചാണ് അനുമതി നല്‍കുന്നത്. അതിനിയും തുടരുക തന്നെ ചെയ്യും. പാഠ്യപദ്ധതി പരിഷ്കരണ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട. സുതാര്യമായി തന്നെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *