തെരുവുനായ ശല്യം: ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനെന്ന് ഹൈക്കോടതി

Kerala

അക്രമകാരികളായ നായ്ക്കളെ മാറ്റി പാര്‍പ്പിക്കണം
തല്ലിക്കൊന്ന് ജനം നിയമം കൈയിലെടുക്കരുത്

കൊച്ചി: സംസ്ഥാനത്തെ തെരുവ് നായകളുടെ ആക്രമണത്തില്‍നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
തെരുവ് നായ്ക്കളെ അടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം. പൊതു അവബോധത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഉത്തരവ്.
എറണാകുളം തൃപ്പൂണിത്തുറയില്‍ എരൂരില്‍ തെരുവ് നായകളെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ കേസെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
ചൊവ്വാഴ്ചയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്.സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാണ്. ഇടുക്കിയില്‍ രണ്ട് പേര്‍ക്ക് ഇന്നലെ കടിയേറ്റു.
ഇടുക്കിയിലും എറണാകുളത്തുമായി പല ആടുകളേയും കോഴികളേയും നായകള്‍ കടിച്ചു കൊന്നു.

Leave a Reply

Your email address will not be published. Required fields are marked *