കണ്ണൂര്‍:ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം (എബിസി) കേന്ദ്രം വഴി തെരുവുനായകളുടെ വന്ധ്യംകരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ പഞ്ചായത്ത്.തെരുവുനായ ആക്രമണത്തില്‍ പത്തു വയസ്സുകാരന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ നായകളെ വന്ധ്യംകരണത്തിന് വിധേയമാക്കാനുള്ള നടപടി തുടങ്ങി. പടിയൂര്‍ എബിസി കേന്ദ്രത്തില്‍ നിലവില്‍ അമ്പത് കൂടുകളാണുള്ളത്. ഇത് നൂറായി വര്‍ധിപ്പിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. കൂടുകള്‍ സജ്ജമായാല്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കും.
2017 മുതല്‍ ജില്ലാ പഞ്ചായത്ത് എബിസി നടപ്പാക്കുന്നുണ്ട്. 2021 വരെ പാപ്പിനിശേരി മൃഗാശുപത്രിയോട് ചേര്‍ന്നാണ് താല്‍ക്കാലിക എബിസി കേന്ദ്രം പ്രവര്‍ത്തിച്ചത്. ഈ കാലയളവില്‍ 8114 നായകളെ വന്ധ്യംകരിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് പടിയൂരില്‍ ജില്ലാ പഞ്ചായത്തിന്‍റെ എബിസി കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. അവിടെ ഇതുവരെ 1094 നായകളെ വന്ധ്യംകരിച്ചു. എബിസി കേന്ദ്രം സ്ഥാപിക്കാന്‍ 57 തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് തുക നല്‍കിയിട്ടുണ്ട്. 65,42,856 രൂപയാണ് നല്‍കിയത്. 6 തെരുവുനായകളെ പിടികൂടി കണ്ണൂര്‍ പതിനൊന്നുകാരന്‍ തെരുവുനായയുടെ കടിയേറ്റ് മരിച്ച മുഴപ്പിലങ്ങാട്ട് ഊര്‍ജിത നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്.
ജില്ലാ പഞ്ചായത്ത് പടിയൂര്‍ എബിസി കേന്ദ്രത്തില്‍നിന്ന് നായ പിടിത്തക്കാരെ നിയോഗിച്ച് നായകളെ പിടികൂടി. മരിച്ച നിഹാലിന്‍റെ വീടിന് സമീപത്തുനിന്ന് നാല് നായകളെയും പരിസരപ്രദേശത്തുനിന്ന് രണ്ട് നായകളെയുമാണ് പിടികൂടിയത്.