കല്പറ്റ: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി എ.ഡി.എം ടി. ജനില്‍ കുമാര്‍ നോഡല്‍ ഓഫിസറായി എം.സി.സി സ്ക്വാഡ് രൂപവത്കരിച്ചു. ജില്ലതല ചാര്‍ജ് ഓഫിസറായി ഹുസൂര്‍ ശിരസ്തദാര്‍ പി. പ്രദീപ്, അസിസ്റ്റന്റ് ചാര്‍ജ് ഓഫിസറായി ജൂനിയര്‍ സൂപ്രണ്ട് ഷീബാമ്മ ജോസഫ് എന്നിവരെയും നിയമിച്ചു. മൂന്ന് അംഗങ്ങളും ജില്ല തല സ്ക്വാഡില്‍ ഉണ്ടാകും.നിയോജകമണ്ഡലം അടിസ്ഥാനത്തിലും ടീമുകള്‍ രൂപവത്കരിച്ചിട്ടുണ്ട്.
മാനന്തവാടി നിയോജക മണ്ഡലം സ്ക്വാഡ് ചാര്‍ജ് ഓഫിസറായി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി. രാഗേഷ്, കല്‍പ്പറ്റ നിയോജക മണ്ഡലം ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.വി. സന്ദീപ് കുമാര്‍, സുല്‍ത്താന്‍ ബത്തേരി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി. രണകുമാര്‍ എന്നിവരെയും നിയമിച്ചു.
നിയോജകമണ്ഡല അടിസ്ഥാനത്തില്‍ രൂപവത്കരിച്ച ടീമില്‍ രണ്ട് അംഗങ്ങളെ വീതം ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ നിയമിക്കും. അതത് നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവര്‍ത്തനം. സി വിജില്‍ ആപ് മുഖേന ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തവും എം.സി.സി സ്ക്വാഡിനാണ്.ടീമിന്‍െറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും വിഡിയോയില്‍ പകര്‍ത്തും. എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ട് നോഡല്‍ ഓഫിസര്‍ മുമ്പാകെ നല്‍കണം.