ന്യൂഡല്‍ഹി: ചരിത്രപ്രധാന വിധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനങ്ങള്‍ക്ക് മൂന്നംഗ സമിതിയുമായി സുപ്രീംകോടതി.പ്രധാനമന്ത്രി, ലോക്സഭ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയാകും തെരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമനങ്ങള്‍ക്ക് ശിപാര്‍ശ നല്‍കുക. ഇവരുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതി നിയമനം നടത്തും. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ലോക്സഭയിലെ പ്രതിപക്ഷ നേതാവിന്‍റെ അഭാവത്തില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരേയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും നിയമിക്കാന്‍ കൊളീജയം പോലുള്ള സംവിധാനം വേണമെന്ന ഹരജികളിലാണ് സുപ്രീംകോടതി ഉത്തരവ്.തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി ഉറപ്പു വരുത്തണം. അല്ലെങ്കില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.