വാഷിംഗ്ടണ്‍ ഡിസി: 2020-ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. രാജ്യത്തെ കബളിപ്പിക്കല്‍, ഗൂഢാലോചന ഉള്‍പ്പെടെയുള്ള ഗുരുതരമായ നാല് വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.
2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പരമാവധി 20 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. അടുത്ത ദിവസം ഹാജരാകണമെന്ന് ട്രംപിന് ഫെഡറല്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.യുഎസ് നീതിന്യായ വകുപ്പ് നിയമിച്ച സ്പെഷ്യല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്താണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അഭിഭാഷകര്‍, നീതിന്യായവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ പേര് ചേര്‍ക്കാത്ത ആറ് പേരെ കൂടി 45 പേജുള്ള കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.