തൃശ്ശൂര്‍പൂരം വീഴ്ച; തൃശ്ശൂര്‍ പൊലീസ് കമ്മീഷണറെ മാറ്റും

Kerala

. ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഉണ്ടായ പരാതിയില്‍ നടപടി. തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ അങ്കിത്ത് അശോക്, അസിസ്റ്റന്‍റ് കമ്മീഷണര്‍ സുദര്‍ശന്‍ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലംമാറ്റും. പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ നടപടികളില്‍ ഉയര്‍ന്നുവന്ന പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
പൊലീസ് നിയന്ത്രണത്തില്‍ വീഴ്ച സംഭവിച്ചോ എന്ന് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി യോടാണ് റിപ്പോര്‍ട്ട് തേടിയത്. പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് കണ്ടെത്താനാണ് നടപടി.നിയന്ത്രണം പരിധി വിട്ടതോടെ എഴുന്നെള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ച് പൂരം നിര്‍ത്തിവയ്ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായെന്ന് ആക്ഷപമുയര്‍ന്നിരുന്നു. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു. പുലര്‍ച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട്, മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നാല് മണിക്കൂര്‍ വൈകി പകല്‍വെളിച്ചത്തിലാണു നടത്തിയത്. ഉറക്കമിളച്ചു കാത്തിരുന്നിട്ടും വെടിക്കെട്ടിന്‍റെ വര്‍ണഭംഗി ആസ്വദിക്കാന്‍ പൂരപ്രേമികള്‍ക്കായില്ല. പൂരത്തലേന്നുതന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങള്‍ തുടങ്ങിയിരുന്നതായി പൂരപ്രേമികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *