തൃശൂര്‍ ജില്ലയില്‍ തീരദേശങ്ങളില്‍ മിന്നല്‍ പരിശോധന

Top News

തൃശൂര്‍: ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടല്‍വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ് , ഫിഷറീസ് സ്റ്റേഷന്‍ അഴീക്കോട്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്ആന്‍ഡ് വിജിലന്‍സ് വിംഗ്, തീരദേശ പോലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ കടലില്‍ സംയുക്ത പരിശോധന നടത്തി.ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ചാണ് പരിശോധനയും പട്രോളിംഗും നടത്തിയത്. അഴീക്കോട് മുതല്‍ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് കടലില്‍ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കടല്‍ മാര്‍ഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്.ഇങ്ങനെ കടല്‍ വഴി എത്തുന്ന മദ്യം നേരത്തെ അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കരയില്‍നിന്ന് 12 നോട്ടിക്കല്‍ മൈലിനുള്ളില്‍ കണ്ട ബോട്ടുകളും അഴിമുഖം വഴി കടലില്‍ നിന്ന് കയറിവന്ന ബോട്ടുകളും മത്സ്യബന്ധന യാനങ്ങളുമാണ് സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്.
ഫിഷറീസ് അസിസ്റ്റന്‍റ് രജിസ്റ്റാര്‍ കെ. നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.ആറു മുതല്‍ തുടങ്ങിയ സ്പെഷല്‍ എന്‍ഫോഴ്സ്മെന്‍റ് ഡ്രൈവ് സെപ്റ്റംബര്‍ അഞ്ചുവരെ തുടരും. സംശയകരമായ യാനങ്ങളോ ആളുകളേയോ കടലില്‍ കണ്ടാല്‍ ഉടനെ ഫിഷറീസ് സ്റ്റേഷനില്‍ അറിയിക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *