തൃശൂര്‍: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനിലൊന്നായ തൃശൂര്‍ റെയില്‍വേ സ്റ്റേഷനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിക്കുന്നതിന്‍െറ ചുമതല റെയില്‍ ലാന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് നല്‍കിയതായി ടി.എന്‍. പ്രതാപന് എം.പി അറിയിച്ചു.
കേരളത്തില്‍ നിന്നും തൃശൂര്‍ കൂടാതെ ചെങ്ങന്നൂര്‍ മാത്രമാണ് ഇപ്പോള്‍ ഈ പ്രവൃത്തികള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കോയമ്പത്തൂരില്‍ നിന്നും കേരളത്തിലേക്ക് കടന്നാല്‍ വളരെ പ്രധാനപ്പെട്ട സ്റ്റേഷനായ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍െറ വികസനത്തിനായി ടി.എന്‍. പ്രതാപന് എം.പി വകുപ്പ് മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് കത്തുകള്‍ നല്‍കിയിരുന്നു.
റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനുകളുടെ ആവശ്യങ്ങളനുസരിച്ച് ഇക്കഴിഞ്ഞ 18ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായുള്ള ചര്‍ച്ചയില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക, സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള മേല്‍നടപ്പാലം നാലാം പ്ലാറ്റ്ഫോം വരെ നീട്ടുക, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനം ഉറപ്പാക്കുക, മൂന്ന് പ്ലാറ്റ്ഫോമുകളുടെയും മേല്‍ക്കൂര മുഴുവനാക്കുക തുടങ്ങിയവ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യപ്പെടുകയും ചെയര്മാന് അവ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഇതുമൂലം സ്റ്റേഷനിലെ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും സ്റ്റേഷനിലെ പശ്ചാത്തല സൗകര്യങ്ങളും വര്‍ധിക്കും. അധികം വൈകാതെ തന്നെ പദ്ധതി നടപ്പിലാകുമെന്ന് ടി.എന്‍. പ്രതാപന് എം.പി അറിയിച്ചു.