തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും;
സംഘാടകരും മേളക്കാരുംആന പാപ്പാന്‍മാരും മാത്രം;
തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും

Kerala

തൃശൂര്‍: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൂരത്തില്‍ നിന്ന് കാണികളെ ഒഴിവാക്കാന്‍ ആലോചന. ചടങ്ങുകളും മറ്റ് ആചാരങ്ങളും അതേപടി നടത്തി പൊതുജനങ്ങളെ ഒഴിവാക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇന്നു വൈകിട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അന്തിമതീരുമാനം ഉണ്ടാകും. ഇതു സംബന്ധിച്ച് ദേവസ്വങ്ങളുമായി ചര്‍ച്ച തുടരുകയാണ്. പൂരത്തിന്‍റെ ചുരുക്കം സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രമാകും പൂരപ്പറമ്പില്‍ ഉണ്ടാകൂ. അതേസമയം, നവദൃശ്യമാധ്യമങ്ങളിലൂടെ പൂരത്തിന്‍റെ തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കാനാണ് തീരുമാനം.
നേരത്തേ, പൂരം കാണാന്‍ വരുന്നവര്‍ രണ്ടു ഡോസ് വാക്സീന്‍ നിര്‍ബന്ധമായും എടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. രണ്ടു ഡോസ് വാക്സീന്‍ എടുക്കാത്തവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു. നിലവില്‍ പാസ് വിതരണം ചെയ്തിരുന്നത് ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കായിരുന്നു.
തൃശൂര്‍ പൂരം നിഷേധിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കിയിരുന്നു. അടുത്ത ചൊവ്വാഴ്ച ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് കയ്യില്‍ കരുതിയാല്‍ മാത്രമേ സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങു വരെ കാണാന്‍ കഴിയൂ എന്നതായികുന്നു നിലവിലെ അവസ്ഥ.
എന്നാല്‍, ഇപ്പോഴത്തെ തീരുമാനപ്രകാരം പൊതുജനങ്ങളെ പൂരത്തില്‍ നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *