തൃശൂര്‍ പൂരം നടത്തിപ്പ്: ആശങ്കയറിയിച്ച്
പൊലീസും ആരോഗ്യ വകുപ്പും

Kerala

തൃശൂര്‍: ആള്‍ക്കൂട്ടം പങ്കെടുത്തുള്ള പൂരം നടത്തിപ്പില്‍ ആശങ്കയറിയിച്ച് ആരോഗ്യവകുപ്പും പൊലീസും. കലക്ടറുടെ ചേംബറില്‍ പൂരം കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇരുവകുപ്പുകളും ആശങ്ക അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളെ പരമാവധി കുറച്ചു തൃശൂര്‍ പൂരം നടത്താന്‍ വ്യക്തമായ പ്ലാന്‍ തയാറാക്കി സര്‍ക്കാറിനു സമര്‍പ്പിക്കുമെന്ന് കലക്ടര്‍ എസ്. ഷാനവാസ് യോഗത്തില്‍ അറിയിച്ചു. എല്ലാ ചടങ്ങുകളും ഉള്‍പ്പെടുത്തി ജനങ്ങളെ പരമാവധി കുറക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയാണ് പൂരം നടത്തിപ്പിന് സര്‍ക്കാറിന്‍െറ അനുമതി തേടുക. അണിനിരത്തേണ്ട ആനകളുടെ എണ്ണം, സാംപിള്‍ വെടിക്കെട്ട്, വെടിക്കെട്ട്, എക്സിബിഷന്‍ എന്നിവ അതേപടി നടത്തുന്നതിലുള്ള തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളുടെ ആവശ്യങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ചെറുപൂരങ്ങളില്‍ എത്ര ആനകളെയും ആളുകളെയും ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ നാളെ ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.പൊലീസ്, ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടുകളെ ആശ്രയിച്ചാണ് ജനങ്ങളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കലക്ടര്‍ വ്യക്തമാക്കി. ആനകളെ എഴുന്നള്ളിക്കുന്നതിനു ആനിമല്‍ ഹസ്ബന്‍ഡറി, വൈല്‍ഡ് ലൈഫ് എന്നിവയുടെ അനുമതിയും തേടേണ്ട സാഹചര്യമുള്ളതിനാല്‍ ഇരു മേധാവികളെയും യോഗത്തില്‍ ഉള്‍പ്പെടുത്തും.കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമേ പ്രദര്‍ശനത്തിന് സാധ്യത കാണുന്നുള്ളൂവെന്ന് കലക്ടര്‍ യോഗത്തില്‍ ദേവസ്വങ്ങളോടായി അറിയിച്ചു.അനിയന്ത്രിതമായി ആളു കൂടുന്നതിനെ യോഗത്തില്‍ പങ്കെടുത്ത ഡി.എം.ഒ കെ.ജെ റീനയും സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ആദിത്യയും എതിര്‍ത്തു. എല്ലാ ചടങ്ങുകളും പൂരത്തില്‍ വേണമെന്ന് ഇരുദേവസ്വങ്ങളും ആവശ്യപ്പെട്ടു. ആളുകളെ പരമാവധി കുറക്കാന്‍ തയാറാണെന്ന് പാറേമക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ അറിയിച്ചു.
പുറത്തേക്കെഴുന്നള്ളിപ്പിന് 15 ആനകളെ അണിനിരത്തുന്നത് ചടങ്ങിന്‍റെ ഭാഗമാണെന്നും രാത്രി പൂരത്തില്‍ ഏഴ് ആനകള്‍ മതിയെന്നും പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു. തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് മഠത്തിലേക്ക് മൂന്ന് ആന എഴുന്നള്ളിപ്പും മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇതില്‍ അണിനിരക്കുന്ന ആനകളും പിറ്റേന്നത്തെ എഴുന്നള്ളിപ്പിനുള്ള ആനകളെയും ആചാരപരമായി തന്നെ ഉള്‍പ്പെടുത്തണമെന്നും തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു. പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഏവരും സഹകരിച്ച് നടത്തണമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് അഭിപ്രായപ്പെട്ടു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ബി. നന്ദകുമാര്‍, തൃശൂര്‍ തഹസില്‍ദാര്‍ കെ.എസ്. സുധീര്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്‍റ് സതീഷ് മേനോന്‍, സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്‍റ് ചന്ദ്രശേഖരന്‍, സെക്രട്ടറി രവികുമാര്‍, ജില്ല ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *