കൊച്ചി : തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ പൊലീസിന്‍റെ അനാവശ്യ ഇടപെടല്‍ മൂലം മുടങ്ങിയെന്നും ഉത്സവ നടത്തിപ്പില്‍ പൊലീസിന്‍റെ ഇടപെടലിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുമുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. കേസ് മെയ് 22ന് വീണ്ടും പരിഗണിക്കും. പി.സുധാകരന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്. പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍റെ ഏകപക്ഷീയമായ സമീപനം മൂലം തൃശൂര്‍ പൂരം മുടങ്ങിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
പൂരവുമായി ബന്ധപ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചടങ്ങുകളും ആചാരങ്ങളും മുടങ്ങി, പ്രദക്ഷിണത്തിന്‍റെ മുന്നില്‍ കുത്തുവിളക്കുമായി നടന്നയാളെ കയ്യേറ്റം ചെയ്തു, ക്ഷേത്രത്തിന്‍റെ പരിസരങ്ങളില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കി തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.