തൃശ്ശൂര്‍: അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്. തൃശ്ശൂര്‍ വിവേകോദയം സ്കൂളിലാണ് സംഭവം. പൂര്‍വവിദ്യാര്‍ത്ഥിയായ പതിനെട്ടുകാരന്‍ മുളയം സ്വദേശി ജഗനാണ് ഇന്നലെ രാവിലെ 11 മണിയോടെ സ്കൂളില്‍ തോക്കുമായെത്തിയത്. സ്കൂളിലെ സ്റ്റാഫിനോട് തൊപ്പി എവിടെ എന്ന് അന്വേഷിച്ച് എത്തിയ ഇയാള്‍ സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. പല ക്ലാസ് മുറികളില്‍ കയറിയിറങ്ങി ഒരു ക്ലാസ് റൂമില്‍ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു. അധ്യാപകര്‍ തന്‍റെ ഭാവി നശിപ്പിച്ചു എന്ന് ഇയാള്‍ പറയുന്നുണ്ടായിരുന്നുവത്രെ.തുടര്‍ന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.സ്കൂളില്‍ നിന്ന് പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച് പോയ വിദ്യാര്‍ത്ഥിയാണ് ജഗനെന്നാണ് വിവരം.
വെടിവെക്കാന്‍ ഉപയോഗിച്ചത് എയര്‍ഗണ്‍ ആണെന്ന് തെളിഞ്ഞു. ഗണ്‍ബസാറില്‍ നിന്ന് സെപ്റ്റംബര്‍ 28 നാണ് തോക്ക് വാങ്ങിയതെന്നാണ് വിവരം. സംഭവത്തില്‍ പ്രതി ജഗന് ജാമ്യം അനുവദിച്ചു. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റും. പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ജഗന്‍ രണ്ട് വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. ചികിത്സാ രേഖകളും കുടുംബം ഹാജരാക്കി. സ്കൂളില്‍ അതിക്രമിച്ചു കയറി, ബഹളം വച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജഗനെതിരെ കേസ് എടുത്തിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു പൊലീസ് മജിസ്ട്രേറ്റിന് മുന്നില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ജഗനെതിരെ നേരത്തെയും കേസ് ഉണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. മെയ് 18ന് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ബഹളം വച്ചതിനാണ് കേസ് എടുത്തത്. അതിനിടെ വെടിവയ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.