തൃശൂര്‍: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഇടപെടലിനായി മുഖ്യ സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ തീരുമാനിച്ചു.ജനുവരി മൂന്നിന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രിയെ നേരില്‍ കണ്ട് തൃശൂരിന്‍റെ ഉപഹാരം സമ്മാനിക്കാനും പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനുമാണ് ആലോചിക്കുന്നത്.പൂരം പ്രദര്‍ശന നഗരിയുടെ തറവാടകയുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമായുള്ള തര്‍ക്കത്തില്‍ ജനുവരി നാലിന് ഹൈകോടതിയില്‍നിന്ന് നിര്‍ണായക ഉത്തരവുണ്ടായേക്കുമെന്നാണ് സൂചന. ബോര്‍ഡ് ഉന്നയിച്ച നിരക്ക് വര്‍ധനക്ക് ഹൈകോടതി അംഗീകാരം നല്‍കിയാല്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വങ്ങള്‍ ആലോചിക്കുന്നത്.
നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈകോടതിയില്‍ തീര്‍പ്പാക്കാനായിരുന്നു നിര്‍ദേശം. ഈ സാഹചര്യത്തില്‍ അനുകൂല സാഹചര്യമുണ്ടായേക്കില്ലെന്നാണ് ദേവസ്വങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍, സര്‍ക്കാര്‍തലത്തില്‍ ഇടപെടലുണ്ടായാല്‍ അത് നേട്ടമാകും. ഇതിനുള്ള ശ്രമമാണ് നടത്തുന്നത്. പ്രധാനമന്ത്രിയെ വരവേല്‍ക്കാനും ശ്രദ്ധ നേടാനുമായി മിനി പൂരമൊരുക്കാനും പാറമേക്കാവ് ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. ജനുവരി മൂന്നിന് നടക്കുന്ന മോദിയുടെ റോഡ് ഷോ സമയത്താണ് മിനി പൂരം ഒരുക്കുക.
സുരക്ഷ അനുമതി തേടിയിട്ടുണ്ട്. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ 15 ആനകളെ അണിനിരത്തി, 200ഓളം പേരുടെ മേളവും കുടമാറ്റവും സംഘടിപ്പിക്കാനാണ് പദ്ധതി. 1986ല്‍ മാര്‍പാപ്പ എത്തിയപ്പോഴാണ് തൃശൂരില്‍ മുമ്പ് മിനി പൂരം ഒരുക്കിയത്.
തറവാടക വിവാദത്തില്‍ സംസ്ഥാന മന്ത്രിമാരുമായി ചര്‍ച്ച നടത്തിയെങ്കിലും കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ തങ്ങള്‍ നിരക്ക് പറയുന്നില്ലെന്നും കോടതിയില്‍ ദേവസ്വങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നുമാണ് മന്ത്രിമാര്‍ ദേവസ്വങ്ങളെ അറിയിച്ചത്.
ഇതോടെ ബോര്‍ഡിനൊപ്പമാണ് സംസ്ഥാന സര്‍ക്കാറെന്ന വിമര്‍ശനത്തിലാണ് ദേവസ്വങ്ങള്‍. യു.ഡി.എഫും ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ദേവസ്വങ്ങളെ പിന്തുണച്ച് പരസ്യ പ്രതിഷേധത്തിലാണ്.