ഷിലോംഗ് :തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കാനാണ് തെരഞ്ഞടുപ്പുകളില്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ഗോവയില്‍ അവര്‍ ബിജെപിയെ സഹായിച്ച് മടങ്ങി. ഇനി മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിലുംബിജെപിയുടെ വിജയമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മേഘാലയയിലെ ഷിലോംഗില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.പാര്‍ലമെന്‍റില്‍ താന്‍ നടത്തിയ പ്രസംഗം മാധ്യമങ്ങളില്‍ കാണാനില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും ഒരുമിച്ചുളള ചിത്രം ഉയര്‍ത്തി കാണിച്ചെങ്കിലും ഇതൊന്നും മാധ്യമങ്ങളില്‍ വാര്‍ത്തയായില്ല. താന്‍ ഉന്നയിച്ച ചോദ്യത്തിനുളള ഒരു ഉത്തരവും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് രാഹുല്‍ ഗാന്ധി മേഘാലയയിലെത്തിയത്.
അതിനിടെ പ്രതിപക്ഷ ഐക്യം 2024ല്‍ അധികാരത്തിലെത്തുമെന്ന് നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞിരുന്നു. 2024ല്‍ ജനങ്ങള്‍ നിങ്ങളെ ഒരു പാഠം പഠിപ്പിക്കും. കേന്ദ്രത്തില്‍ ഒരു സഖ്യകക്ഷി സര്‍ക്കാര്‍ അധികാരത്തിലെത്തും. കോണ്‍ഗ്രസിനെ നയിക്കും. ഞങ്ങള്‍ മറ്റുപാര്‍ട്ടികളോട് സംസാരിക്കും. കാരണം അല്ലെങ്കില്‍ ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കില്ല. ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ്, ആപ് എന്നീ പാര്‍ട്ടികള്‍ ആരോപിച്ചതിനോടുള്ള പ്രതികരണം കൂടിയാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍റെ പ്രതികരണം.