തൃക്കാക്കര വിധിയെഴുതി, മികച്ച പോളിംഗ്

Kerala

കൊച്ചി :തൃക്കാക്കര വിധിയെഴുതി. ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ മുമ്പെങ്ങും ഇല്ലാത്തവിധം ആവേശം അലയടിച്ച വോട്ടെടുപ്പില്‍ മികച്ച പോളിംഗാണ് ഉണ്ടായത്. കള്ളവോട്ട് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെയാണ് വോട്ടെടുപ്പ് സമാപിച്ചത്. പൊന്നുരുന്നിയില്‍ കള്ളവോട്ട് ശ്രമം നടന്നതായി പ്രിസൈഡിങ് ഓഫീസര്‍ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ആല്‍ബിന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു . ഇടപ്പള്ളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലും കാക്കനാടും കള്ളവോട്ട് ചെയ്തെന്ന് പരാതി ഉയര്‍ന്നു. വ്യാജ കാര്‍ഡ് ഉപയോഗിച്ച് യു.ഡി.എഫ് കള്ള വോട്ടുകള്‍ ചെയ്തെന്ന് സി. പി. എമ്മുംഎല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തെന്ന് യു.ഡി.എഫും, വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ബി.ജെ.പിയും ആരോപിച്ചു.
രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.ആദ്യ മൂന്ന് മണിക്കൂറില്‍ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര ദൃശ്യമായി. ഉച്ചയോടെ 50 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തു.ഇതോടെ റെക്കോര്‍ഡ് പോളിംഗ് ഉണ്ടാകും എന്ന പ്രതീക്ഷ ഉണര്‍ന്നു.എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയില്‍ ആയതോടെ ആ പ്രതീക്ഷ അസ്ഥാനത്തായി, എങ്കിലും മികച്ച പോളിംഗ് തന്നെയാണ് രേഖപ്പെടുത്തിയത്. മഴ പെയ്യും എന്ന ആശങ്കയില്‍ മുന്നണികള്‍ വോട്ടര്‍മാരെ രാവിലെതന്നെ ബൂത്തില്‍ എത്തിക്കാന്‍ ശ്രമിച്ചതാണ് പോളിംഗ് ഉയരാന്‍ കാരണമായത്. കൊച്ചി കോര്‍പ്പറേഷനില്‍ കീഴിലുള്ള വാര്‍ഡുകളിലും തൃക്കാക്കര മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള ബൂത്തുകളിലും രാവിലെ ആദ്യ മൂന്ന് മണിക്കൂറില്‍ കനത്ത പോളിംഗ് ആണ് നടന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.കെ റെയില്‍ പദ്ധതി പോലുള്ള വികസന വിഷയങ്ങള്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. ഇതുവരെ കാണാത്ത ആവേശവും വാശിയേറിയ പോരാട്ടവുമാണ് കണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 70.39 ശതമാനമാണ് പോളിംഗ്. കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പി.ടി തോമസിന്‍റെ ഭാര്യ ഉമാ തോമസാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഡോ. ജോ ജോസഫ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും എ. എന്‍ രാധാകൃഷ്ണന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *