കൊച്ചി: തൃക്കാക്കര കൂട്ട ബലാല്‍സംഗകേസില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി ഐ പി.ആര്‍ സുനുവിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.എഡിജിപി എം.ആര്‍.അജിത് കുമാറിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി. നോര്‍ത്ത് സോണ്‍ ചുമതലയുള്ള കമ്മിഷണറാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് വിട്ടയച്ചശേഷം ഇന്ന് സ്റ്റേഷനിലെത്തി വീണ്ടും ചാര്‍ജെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അവധിയില്‍ പ്രവേശിക്കാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു.കൊച്ചി കമ്മിഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സുനുവിന് സാമൂഹിക വിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. സുനു പത്ത് ദിവസത്തേക്ക് നിര്‍ബന്ധിത അവധി എടുത്തതിന് പിന്നാലെയാണ് സേനാതലത്തിലെ നടപടി. ആരോപണ വിധേയനായ വ്യക്തി സ്റ്റേഷന്‍ ചുമതല വഹിക്കുന്നത് കൂടുതല്‍ അവമതിപ്പ് ഉണ്ടാക്കുമെന്ന വിലയിരുത്തലില്‍ ആണ് ഉത്തരവ്.അതേസമയം താന്‍ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് സുനുവിന്‍റെ പ്രതികരണം. കുടുംബം അടക്കം ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റ് വഴിയില്ലെന്നും സുനു പ്രതികരിച്ചിരുന്നു. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയിലും വെച്ച് സിഐ സുനു അടക്കമുള്ളവര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.തൃക്കാക്കര കൂട്ട ബലാത്സംഗക്കേസിലെ മൂന്നാം പ്രതിയാണ് സുനു. കേസില്‍ തെളിവില്ലാത്തതിനാല്‍ കസ്റ്റഡിയിലെടുത്ത സുനുവിനെ പോലീസ് വിട്ടയച്ചിരുന്നു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉള്‍പ്പെടെ ആറ് ക്രിമിനല്‍ കേസിലെ പ്രതിയും.