കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി . വാര്‍ത്താസമ്മേളനത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.മന്ത്രി പി.രാജീവും ഇ .പി യ്ക്കൊപ്പം ഉണ്ടായിരുന്നു. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗദ്ധനാണ് വാഴക്കാല സ്വദേശിയായ ഡോ.ജോ ജോസഫ്.
മുത്തുപോലത്തെ സ്ഥാനാര്‍ത്ഥിയെന്നാണ് അദ്ദേഹത്തെ ഇ പി ജയരാജന് വിശേഷിപ്പിച്ചത്. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും ജോ ജോസഫ് മത്സരിക്കുക. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് ഡോ. ജോ ജോസഫ്. കഴിഞ്ഞ പ്രളയ കാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങി ജനങ്ങളുടെ അംഗീകാരം നേടിയ ആളാണെന്നും ഇ. പി ജയരാജന് പറഞ്ഞു. സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന രീതി അല്ല ഇടതുമുന്നണിയില്‍. എല്ലാ ഘടകകക്ഷികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് യഥാവസരമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്നും ഇ.പി ജയരാജന് വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ടി തോമസിനെതിരെ എല്ലു രോഗ വിദഗ്ധനായ ജെ.ജേക്കബിനെ യാണ് സി.പി.എം മത്സരിപ്പിച്ചത്. ഇക്കുറി മണ്ഡലം പിടിക്കാന്‍ മറ്റൊരു ഡോക്ടറെയാണ് ഇടതുമുന്നണി നിയോഗം ഏല്‍പ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. പി. ടി തോമസിന്റെ ഭാര്യ ഉമതോമസാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇന്നലെ ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഡിവൈഎഫ്ഐ നേതാവ് അഡ്വ കെ.എസ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം അത് തിരുത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രമുഖന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
