തൃക്കാക്കരയില്‍ ആവേശം അലയടിച്ച് കൊട്ടിക്കലാശം

Kerala

കൊച്ചി :തൃക്കാക്കരയില്‍ ആവേശം അലയടിച്ചു കൊട്ടിക്കലാശം. ഇന്നലെ വൈകിട്ട് നടന്ന കൊട്ടിക്കാലാശത്തോടെ പരസ്യ പ്രചാരണം അവസാനിച്ചു. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്‍റെതാണ്. നാളെയാണ് വോട്ടെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്‍റെ വിയോഗത്തെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പി.ടിയുടെ ഭാര്യ ഉമാ തോമസ് (യു.ഡി.എഫ്)ഡോ.ജോ ജോസഫ് (എല്‍.ഡി.എഫ്)എ.എന്‍ രാധാകൃഷ്ണന്‍ (എന്‍.ഡി.എ) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലായതോടെ പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തില്‍ ആവേശം അലയടിച്ചു. പാലാരിവട്ടം ആണ് കൊട്ടിക്കലാശത്തിന് വേദിയായത്. നേതാക്കളും സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകള്‍ പാലാരിവട്ടത്തെ ആവേശത്തില്‍ ആറാടിച്ചു.
ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളില്‍മുന്നണികളിലെ പ്രവര്‍ത്തകര്‍ ഇരച്ചെത്തിയ പ്രകടന മാണ് പാലാരിവട്ടം ജംഗ്ഷനില്‍ കണ്ടത്.അട്ടിമറി വിജയം നേടുമെന്ന് എല്‍.ഡി.എഫും ഭൂരിപക്ഷം ഉയര്‍ത്തി സീറ്റ് നിലനിര്‍ത്തുമെന്ന് യു.ഡി.എഫും ഇരുമുന്നണികളെയും ഞെട്ടിച്ചു വിജയം നേടുമെന്ന് ബി.ജെ.പിയും അവകാശപ്പെട്ടു.ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാണ് മുന്നണികള്‍ നടത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.പി. സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍,ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ വാക്ക് പോരുകള്‍ രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിച്ചു. ദേശീയ -സംസ്ഥാന നേതാക്കളുടെ സാന്നിധ്യം കൊണ്ടും മണ്ഡലം സജീവമായി. പി.സി ജോര്‍ജിന്‍റെ വിദ്വേഷ പ്രസ്താവനയും തുടര്‍ന്നുണ്ടായ അറസ്റ്റും നാടകീയ സംഭവങ്ങളും പ്രചാരണത്തിലും പ്രതിഫലിച്ചു. കൊട്ടിക്കലാശ ദിവസം എന്‍.ഡി.എ ക്ക് വേണ്ടി പി.സി ജോര്‍ജ് മണ്ഡലത്തില്‍ പ്രചാരണം നടത്തിയതും ശ്രദ്ധേയമായി.കെ റെയിലും വികസനവുമാണ് ഉപതെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍. കെ റെയിലിനോടുള്ള ജനങ്ങളുടെ സമീപനമായിരിക്കും തൃക്കാക്കരയില്‍ പ്രതിഫലിക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യാജ വീഡിയോ വിവാദം, കള്ളവോട്ട് ആരോപണം തുടങ്ങിയവയും പ്രചാരണ രംഗത്തെ പ്രധാന ആയുധങ്ങള്‍ ആയി. വോട്ടര്‍മാരുടെ മനസ്സ് ആരോടൊപ്പം ആണെന്ന് ജൂണ്‍ മൂന്നിനു നടക്കുന്ന വോട്ടെണ്ണലില്‍ വ്യക്തമാകും

Leave a Reply

Your email address will not be published. Required fields are marked *