ന്യൂഡല്‍ഹി: തൂക്കു മരണമല്ലാതെ വധശിക്ഷ നടപ്പാക്കാന്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന് സുപ്രീം കോടതി.
കഴുത്തില്‍ കുരുക്കിട്ട് വധിക്കുന്നതിനേക്കാള്‍ വേദനരഹിതമായ മറ്റൊരു മാര്‍ഗത്തെക്കുറിച്ച് കൂടുതല്‍ പരിശോധനകളും ചര്‍ച്ചകളും നടത്താനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
തൂക്കിലേറ്റിയുള്ള മരണത്തിന്‍റെ ആഘാതത്തെക്കുറിച്ച് പഠിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരാമണിയോട് നിര്‍ദേശിച്ചു. വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് വേദനയില്ലാത്ത മരണം നല്‍കാന്‍ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഇതേകുറിച്ച് കൂടുതലായി പഠിക്കേണ്ടതുണ്ടെന്നും ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.
വിഷയം കൂടുതല്‍ പഠിക്കാന്‍ വിദഗ്ധ പാനലിനെ നിയമിക്കും. തൂക്കിലേറ്റിയുള്ള മരണത്തിനു പകരം വെടിവയ്പ്പ്, കുത്തിവെപ്പ്, ഇലക്ട്രിക്ക് ചെയര്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള വധ ശിക്ഷകളെക്കുറിച്ച് ഹരജിയില്‍ സൂചിപ്പിച്ചിരുന്നു. തൂക്കിലേറ്റി കൊല്ലുന്നത് ക്രൂരമാണെന്ന് അഭിഭാഷകന്‍ ഋഷി മല്‍ഹോത്ര പറഞ്ഞു.
