. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടു
. ആഭരണങ്ങള്‍ വിറ്റ് പണം വീതിച്ചെടുത്തു
മലപ്പുറം: തുവ്വൂരില്‍ നാലംഗസംഘം കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം പുറത്തെടുത്തു. കേസിലെ മുഖ്യപ്രതി വിഷ്ണുവിന്‍റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് പുറത്തെടുത്തത്. പത്തുദിവസത്തോളം പഴക്കമുള്ള മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട് പ്ലാസ്റ്റിക് കവറിലാക്കിയനിലയിലാണ് കണ്ടെടുത്തത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുവ്വൂര്‍ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്‍റെ ഭാര്യ സുജിത(35)യെ കൊലപ്പെടുത്തിയ കേസില്‍ വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ്, വിഷ്ണുവിന്‍റെ അച്ഛന്‍ മുത്തു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വിഷ്ണുവും സഹോദരങ്ങളും ഇവരുടെ സുഹൃത്തായ ഷഹദും ചേര്‍ന്നാണ് സുജിതയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയുമായ സുജിതയെ ഓഗസ്റ്റ് 11-ാം തീയതി മുതലാണ് കാണാതായത്. പി.എച്ച്.സി.യിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഓഫീസില്‍നിന്നിറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. കരുവാരക്കുണ്ട് പോലീസ് യുവതിക്കായി അന്വേഷണവും തുടങ്ങി.
നാലുപേര്‍ ചേര്‍ന്നാണ് സുജിതയെ കൊലപ്പെടുത്തിയതെന്ന് മലപ്പുറം എസ്.പി സുജിത്ത് ദാസ് പറഞ്ഞു. യുവതിയുടെ ആഭരണങ്ങള്‍ കവരുകയായിരുന്നു ലക്ഷ്യമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
ജനലില്‍ കെട്ടി തൂക്കി മരണം ഉറപ്പിച്ചു. ശേഷം വീട്ടിലെ കട്ടിലിന്‍റെ അടിയില്‍ മൃതദേഹം ഒളിപ്പിച്ചു. രാത്രിയില്‍ നാല് പേരും കൂടി കുഴിച്ചുമൂടി.
ജനലില്‍ കെട്ടി തൂക്കി മരണം ഉറപ്പിച്ചു. ശേഷം വീട്ടിലെ കട്ടിലിന്‍റെ അടിയില്‍ മൃതദേഹം ഒളിപ്പിച്ചു. രാത്രിയില്‍ നാല് പേരും കൂടി കുഴിച്ചുമൂടി. സംഭവത്തെ കുറിച്ച് അച്ഛന് അറിവ് ഉണ്ടായിരുന്നുവെന്നും എസ്.പി പറഞ്ഞു.
വിഷ്ണുവും സുജിതയും പരിചയമുള്ളവരാണ്. യുവതിയെ കാണാതായതിന് പിന്നാലെ സംശയമുള്ളവരുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. യുവതിയുടെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടോ എന്നതും അന്വേഷിച്ചു. ഈ അന്വേഷണത്തില്‍ വിഷ്ണു ഒരു ജൂവലറിയില്‍ സ്വര്‍ണം വിറ്റതായി കണ്ടെത്തി. ഇതോടെ ഇയാള്‍ സംശയനിഴലിലായിരുന്നു. ഇതിന്‍റെ പണം ഇയാള്‍ മറ്റുപ്രതികള്‍ക്കും വീതിച്ചുനല്‍കി.
അന്നേദിവസം അര്‍ധരാത്രിയോടെയാണ് മൃതദേഹം മറവുചെയ്തത്. വീടിന്‍റെ പിറകില്‍ മാലിന്യം നിക്ഷേപിക്കുന്ന ഒരു കുഴിയുണ്ടായിരുന്നു. അത് വലുതാക്കിയാണ് മൃതദേഹം കുഴിച്ചിട്ടത്. ശേഷം അവിടെ മണ്ണിട്ട് നികത്തി. ഹോളോബ്രിക്സുകളും മെറ്റലും എം.സാന്‍ഡും അവിടെ നിരത്തി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിര്‍മാണപ്രവൃത്തി നടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നത്.ദൃശ്യം സിനിമ മോഡലില്‍ കൊലപാതകം നടത്താനായിരുന്നു പ്രതികളുടെ ശ്രമം. എസ്.പി. പറഞ്ഞു.മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാനായിരുന്നു പദ്ധതി.
എന്താണ് കൊലപാതകത്തിന് കാരണമായതെന്ന് കണ്ടെത്താന്‍ ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നായിരുന്നു എസ്.പി.യുടെ പ്രതികരണം. സ്വര്‍ണം കവര്‍ന്നത് മാത്രമാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. യുവതിയെ കൊലപ്പെടുത്താന്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നത് പ്രതികളെ കൂടുതല്‍ ചോദ്യംചെയ്താലേ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
യുവതിയെ കാണാതായ സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണു വലിയ പ്രചരണമാണ് നടത്തിയത്. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.
വിഷ്ണുവിന്‍റെ അനുജന്‍ നേരത്തെ പോക്സോ കേസില്‍ പ്രതിയാണെന്നും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്നും എസ്.പി. പറഞ്ഞു.