ഇസ്താംബുള്‍ : ഫെബ്രുവരി 6ന് തെക്ക് – കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും നാശംവിതച്ച ഭീമന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു.ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇരുരാജ്യങ്ങളിലെയും ആകെ മരണ സംഖ്യ 48,000 കടന്നു. തുര്‍ക്കിയില്‍ മാത്രം 42,000ത്തിലേറെ പേര്‍ മരിച്ചെന്നാണ് കണക്ക്. സിറിയയില്‍ 7,000ത്തോളം പേരും മരിച്ചു.
അതിനിടെ, റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍റെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പ് വീണ്ടും ശക്തമായ തുടര്‍ ചലനങ്ങളുണ്ടായത് ഭീതി പരത്തി.
തിങ്കളാഴ്ച തുര്‍ക്കിയില്‍ സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഹാതെയ് പ്രവിശ്യയിലുണ്ടായ തുടര്‍ ഭൂചലനങ്ങളില്‍ എട്ട് പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. 20 ഓളം പേരുടെ നില ഗുരുതരമാണ്. വടക്ക് പടിഞ്ഞാറന്‍ സിറിയയില്‍ 130ലേറെ പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിയ ചിലര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.തിങ്കളാഴ്ച ഡെഫ്ന്‍ ജില്ലയില്‍ ഇന്ത്യന്‍ സമയം രാത്രി 10.34ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രതയിലെ ചലനമുണ്ടായത്. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം സമാന്‍ദഗ് ജില്ലയില്‍ 5.8 തീവ്രതയിലെ മറ്റൊരു ചലനവുമുണ്ടായി. പിന്നാലെ തീവ്രത കുറഞ്ഞ 90ഓളം തുടര്‍ ചലനങ്ങളും വിവിധയിടങ്ങളിലുണ്ടായി. അന്‍താക്യ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.ഇതുവരെ ആറായിരത്തിലേറെ തുടര്‍ ചലനങ്ങള്‍ തുര്‍ക്കിയിലുണ്ടായി. അതില്‍ ഏറ്റവും ശക്തമായിരുന്നു തിങ്കളാഴ്ചത്തേത്. പിന്നാലെ മേഖലയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും ഭൂരിഭാഗം പേരും ദുരിതാശ്വാസ ക്യാമ്പുകളിലും സുരക്ഷിത മേഖലകളിലുമായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.