തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ഡ്രില്ലിംഗ് വീണ്ടും തുടങ്ങി

Top News

ഉത്തരകാശി: ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ നിര്‍ത്തിവെച്ചിരുന്ന ഡ്രില്ലിംഗ് വീണ്ടും തുടങ്ങി. തുരങ്കത്തിനുള്ളിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പറയുന്നു. ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും അറിയിച്ചു. ആദ്യഘട്ട രക്ഷാദൗത്യം ആരംഭിച്ചത് ടണല്‍ മുഖത്ത് നിന്നുള്ള അവശിഷ്ടങ്ങള്‍ മാറ്റിക്കൊണ്ടായിരുന്നു. പിന്നീട് യന്ത്രം ലോഹഭാഗത്ത് ഇടിച്ചതിനെ തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തിവെക്കേണ്ട സാഹചര്യം വന്നു. പിന്നീട് മുകളില്‍ നിന്ന് തുരക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ മന്ത്രിമാര്‍ നിര്‍ദ്ദേശിക്കുന്നത് ആദ്യം നിര്‍ത്തിവെച്ച രക്ഷാദൗത്യം പുനരാരംഭിക്കാനാണ്. ഇതിനോടകം ഡ്രില്ലിംഗ് വീണ്ടും തുടങ്ങിയിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന മുകളില്‍ നിന്നുള്ള ഡ്രില്ലിംഗും തുടരുന്നുണ്ട്. ടണല്‍ മുഖത്ത് നിന്നുള്ള ഡ്രില്ലിംഗ് ആയിരിക്കും രക്ഷാദൗത്യത്തിന് കൂടുതല്‍ ഗുണം ചെയ്യുക എന്ന് മന്ത്രിമാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിയാവുന്ന എല്ലാ സാങ്കേതിക വിദഗ്ധരെയും ഒന്നിച്ച് ചേര്‍ത്താണ് രക്ഷാദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *