. 17 ദിവസം നീണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടത്
ഡെറൂഡൂണ്‍: ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 17 ദിവസം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് ഇന്നലെ വൈകിട്ടോടെ തൊഴിലാളികളെ പുറത്തെത്തിച്ചത്. രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനമാണ് വിജയം കണ്ടത്.
രക്ഷാപ്രവര്‍ത്തനം ഉച്ചയോടെ മാനുവല്‍ ഡ്രില്ലിംഗ് പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. പിന്നാലെ പത്തില്‍ അധികം വരുന്ന ആംബുലന്‍സുകളും മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തി. ഡോക്ടര്‍മാര്‍ അടക്കമുള്ളവരും സ്ഥലത്ത് ഉണ്ടായിരുന്നു.
എന്‍ഡിആര്‍എഫിന്‍റെ മൂന്നംഗസംഘം തുരങ്കത്തിനുള്ളിലെത്തിച്ചാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിലുടനീളം സംഭവസ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി തൊഴിലാളികളുമായി സംസാരിക്കുകയും ആരോഗ്യസ്ഥിതി ചോദിച്ചറിയുകയും ചെയ്തു. കേന്ദ്ര മന്ത്രി വി.കെ.സിംഗും സംഭവസ്ഥലത്തെത്തി.പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം അതിഗുരുതര അവസ്ഥയിലുള്ളവരെ ആംബുലന്‍സ് മാര്‍ഗം ഋഷികേശിലെ എയിംസിലെത്തിച്ചു.
പ്രാഥമിക വൈദ്യസഹായം ലഭ്യമാക്കുന്നതിന് ടണലിനുള്ളില്‍ തന്നെ സൗകര്യം ഒരുക്കിയിരുന്നു.
താത്കാലിക മെഡിക്കല്‍ ഫെസിലിറ്റിയാണ് തയ്യാറാക്കിയിരുന്നത്. മതിയായ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഇവിടെ സജ്ജമായിരുന്നു.
യന്ത്രസഹായത്തോടെയുള്ള തുരക്കല്‍ പ്രതിസന്ധി നേരിട്ടതോടെ, തിങ്കളാഴ്ച മുതലാണ് റാറ്റ് മൈനേഴ്സിന്‍റെ നേതൃത്വത്തില്‍ പരിചയസമ്പന്നരായ 24 റാറ്റ്-ഹോള്‍ മൈനിംഗ് വിദഗ്ധരുടെ സംഘം മാനുവല്‍ ഡ്രില്ലിംഗ് നടത്തിയത്.