തീവണ്ടിയില്‍ നിന്ന് ടി.ടി. ഇ യെ തള്ളിയിട്ടു കൊന്ന പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: ഡോ.എ.വി. പ്രകാശ്

Top News

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്ന് ടി.ടി. ഇ യെ തള്ളിയിട്ടു കൊന്ന പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഡിവിഷണല്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടന്‍സി മെമ്പര്‍ ഡോ.എ.വി. പ്രകാശ് ആവശ്യപ്പെട്ടു. എറണാകുളം – പാറ്റ്ന ട്രെയിനില്‍ നിന്നും തൃശ്ശൂരിന് സമീപം വെച്ച് യാത്രക്കാരന്‍ തളളിയിട്ടതിനെ തുടര്‍ന്ന് ടി.ടി.ഇ മരിക്കാനിടയായ സംഭവം അബാലവൃദ്ധം ജനങ്ങളെയും വേദനിപ്പിച്ചു.
ടി.ടി.ഇ മാരും യാത്രക്കാരുമായി വാക്ക് തര്‍ക്കങ്ങള്‍ ട്രെയിനില്‍ വച്ച് നടക്കാറുണ്ട് എന്നത് സത്യമായ വസ്തുതയാണ്. റിസര്‍വേഷനുള്ള കമ്പാര്‍ട്ട്മെന്‍റില്‍ ടിക്കറ്റ് ഇല്ലാതെയും റിസര്‍വേഷന്‍ എടുക്കാതെയും സഞ്ചരിക്കുന്ന യാത്രക്കാരുമായി ടി.ടി.ഇ മാര്‍ക്ക് പലപ്പോഴും സംസാരിക്കേണ്ടിവരുന്നു. ടി.ടി.ഇ മാരുടെ ഭാഗത്തുനിന്നും നോക്കുമ്പോള്‍ അതവരുടെ ഡ്യൂട്ടിയുടെ ഭാഗമാണ്. റിസര്‍വേഷന്‍ ഇല്ലാത്ത യാത്രക്കാരെ ഇറക്കിവിടാനും അല്ലെങ്കില്‍ പിഴ ചുമത്തുന്നതിനും അവര്‍ ശ്രമിക്കാറുണ്ട്. അതേസമയം ടി.ടി.ഇ മാര്‍ മാന്യമായ രീതിയില്‍ പെരുമാറുന്നില്ലെന്നും മറ്റുമാണ് പല യാത്രക്കാരുടെയും പ്രതികരണം. എന്നാല്‍ ചൊവ്വാഴ്ച മരണപ്പെട്ട ടി.ടി. ഇ വിനോദ് കണ്ണന്‍റെ കാര്യത്തില്‍ യാത്രക്കാരനായ പ്രതി മദ്യപിച്ച് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പെരുമാറുകയും അസഭ്യങ്ങള്‍ പറയുകയും ചെയ്തതായാണ് പറയപ്പെടുന്നത്.
എന്തായാലും ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും പൊതുജനങ്ങളുടെ ഭാഗത്തുനിന്നും കാര്യമായ ജാഗ്രത ഉണ്ടായിരിക്കണമെന്ന് ഡോ. എ. വി. പ്രകാശ് അധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടു. മരിച്ച വിനോദിന്‍റെ കുടുംബത്തോട് അദ്ദേഹം അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *