തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

Top News

ചെന്നൈ: തൃശൂരില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് പോയ തീര്‍ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് കുട്ടിയടക്കം മൂന്ന് മരണം.30ഓളം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. തൃശൂര്‍ ഒല്ലൂര്‍ നെല്ലിക്കുന്ന് സ്വദേശികളായ സ്വരാജ് നഗര്‍ പുളിക്കന്‍ വീട്ടില്‍ വര്‍ഗീസ് ഭാര്യ ലില്ലി(63), വരന്തരപള്ളി പള്ളിക്കുന്ന് ജെറാള്‍ഡ് ജിമ്മി(ഒന്‍പത്) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ച നാലര മണിയോടെ തഞ്ചാവൂര്‍ ഓരത്തുനാട് ഒക്കനാട് കീഴയൂരിലെ വളവില്‍വെച്ച് നിയന്ത്രണംവിട്ട് കെ.വി ട്രാവല്‍സ് എന്ന ടൂറിസ്റ്റ് ബസ് റോഡരുകിലെ ഇരുമ്ബ് ബാരിക്കേഡ് തകര്‍ത്ത് കനാലിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെ ബസില്‍ 51 യാത്രക്കാരാണുണ്ടായിരുന്നത്.വാഹനമോടിക്കവെ ഡ്രൈവര്‍ ഉറക്കത്തില്‍പ്പെട്ടതാണ് കാരണമെന്നാണ് പൊലീസ് നിഗമനം. അപകടത്തില്‍പ്പെട്ടവരുടെ നിലവിളി കേട്ട് സമീപവാസികളും അതുവഴി വാഹനങ്ങളിലെത്തിയവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പലരുടെയും കൈകാലുകള്‍ മുറിഞ്ഞ നിലയിലാണ് പരിക്കേറ്റവരെ തഞ്ചാവൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലും മന്നാര്‍കുടി, ഓരത്തുനാട് ഗവ. ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് ഏഴുമണിക്കാണ് വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയത്തിലെ ഓശാന ശുശ്രൂഷ ചടങ്ങുകളില്‍ പങ്കെടുക്കാനായി സംഘം ഒല്ലൂരില്‍നിന്ന് പുറപ്പെട്ടത്.അതിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കറ്റവര്‍ക്ക് അര ലക്ഷം രൂപ വീതവും ധനസഹായം അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *