തിരൂര്‍: താഴെപ്പാലം കേന്ദ്രമായി കഴിഞ്ഞ നാല് പതിറ്റാണ്ടായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന തിരൂര്‍ ബ്രദേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഇന്നു മുതല്‍ ഉണ്യാലില്‍ നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തില്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച 24 ടീമുകള്‍ പങ്കെടുക്കുന്ന മലപ്പുറം ജില്ലയിലെ ഈ സീസണിലെ ആദ്യത്തെ ടൂര്‍ണമെന്‍റാണ് ഇതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാത്രി എട്ട് മണിക്ക് താനൂര്‍ ഡി.വൈ.എസ്.പി വി.വി. ബെന്നി ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.എം. ലെനിന്‍, നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഇസ്മായില്‍, വെട്ടം പഞ്ചായത്ത് പ്രസിഡന്‍റ് നൗഷാദ് നെല്ലാഞ്ചേരി, ടൂര്‍ണമെന്‍റ് കമ്മറ്റി സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ മമ്പാട്, ട്രഷറര്‍ ഹംസ തിരൂരങ്ങാടി, സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് യാഷിക്ക് മഞ്ചേരി എന്നിവര്‍ പങ്കെടുക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റിലെ ലാഭവിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രദേശത്തെ കായിക പ്രതിഭകള്‍ക്കും വേണ്ടി വിനിയോഗിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കാസിം ബാവ, യൂസഫ് അലി, വി. നന്ദന്‍, പി. ഷാനവാസ് എന്നിവര്‍ പങ്കെടുത്തു