പത്തനംതിട്ട: തിരുവല്ലയില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊന്നു. പരുമല നാക്കട ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി(76), ശാരദ(68) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടേയും കഴുത്തിനേറ്റ ഗുരുതരമായ മുറിവാണ് മരണകാരണം എന്നാണ് നിഗമനം.
ഇന്നലെ രാവിലെ 8.45-ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. രണ്ടുപേരും തത്ക്ഷണം കൊല്ലപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പോലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകം നടത്താനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല.
മകന്‍ നിരന്തരമായി ഉപദ്രവിച്ചിരുന്നെന്ന് അച്ഛന്‍ കൃഷ്ണന്‍കുട്ടി മുമ്പും പറഞ്ഞിരുന്നു.ഉപദ്രവത്തില്‍ പോലീസിന് പരാതിയും നല്‍കിയിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് മാതാപിതാക്കള്‍ വാടകയ്ക്കാണ് കുറച്ചുകാലമായി താമസിച്ചിരുന്നത്.
രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വീട്ടില്‍ തിരിച്ചെത്തിയത്. മാതാപിതാക്കളെ ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെത്തി കണ്ട് സംസാരിച്ച ശേഷമാണ് അനില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. കുടുംബത്തില്‍ സ്വത്തുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.അനില്‍ ലഹരിക്കടിമയാണെന്ന് പറയപ്പെടുന്നുവെങ്കിലും എന്നാല്‍ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.ബുധനാഴ്ച രാത്രിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. വീടിനുള്ളില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് പോലീസിനെ സംഭവമറിയിച്ചത്. മാനസികാരോഗ്യത്തിന് അനില്‍ ചികിത്സ തേടിയിരുന്നതായും സൂചനയുണ്ട്.