തിരുവനന്തപുരത്ത് വാക്സിന്‍ കേന്ദ്രത്തില്‍ തിക്കുംതിരക്കും
ജനങ്ങള്‍ സമയക്രമം പാലിക്കുന്നില്ലെന്ന് ഡി എം ഒ

Uncategorized

തിരുവനന്തപുരം: തിരുവനന്തപുരത്തെ വാക്സിനേഷന്‍ കേന്ദ്രമായ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലെ തിക്കിനും തിരക്കിനും കാരണം ജനങ്ങളാണെന്ന് ഡി എം ഒ. ജനങ്ങള്‍ സമയക്രമം പാലിക്കുന്നില്ലെന്നും നാളെ മുതല്‍ കൃത്യസമയത്ത് എത്തുന്നവര്‍ക്ക് മാത്രമേ പ്രവേശനം ഉള്ളുവെന്നും ഡോ. കെ എസ് ഷിനു വ്യക്തമാക്കി. 9 മണി മുതലാണ് വാക്സിന്‍ നല്‍കുക എന്ന് എല്ലാവരെയും അറിയിച്ചതാണ്. ഓരോരുത്തര്‍ക്കും കൃത്യമായ സമയവും അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍, ഈ സമയക്രമം പാലിക്കാതെയാണ് മിക്കവരും സ്ഥലത്തെത്തുന്നതെന്നും ഡി എം ഒ പറയുന്നു.തിരക്കുണ്ടാക്കിയാല്‍ കേസെടുക്കുമെന്ന് ഡി സി പി ജനങ്ങളോട് പറഞ്ഞു. ഇതിനിടയില്‍ ക്യുവില്‍ നിന്ന രണ്ട് പേര് കുഴഞ്ഞുവീണു. യാതൊരു സാമൂഹിക അകലവും പാലിക്കാതെയാണ് ആള്‍ക്കൂട്ടം കാത്തു നില്‍ക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയാണ് തലസ്ഥാനത്ത് ഇത്തരമൊരു രംഗം അരങ്ങേറുന്നത്.തിരുവനന്തപുരത്ത് പ്രായമായവരടക്കം നൂറുകണക്കിനാളുകളാണ് മണിക്കൂറുകളായി ക്യൂവില്‍ നില്‍ക്കുന്നത്. രാവിലെ 7 മണി മുതല്‍ ഇവര്‍ ഇവിടെ കാത്തു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പൊരി വെയിലത്താണ് പലവിധ അസുഖമുള്ളവരടക്കം വാക്സിനേഷനായി കാത്തു നില്‍ക്കുന്നത്. ക്യൂവില്‍ നില്‍ക്കുന്നവര്‍ സഹികെട്ട് പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്. അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജനക്കൂട്ടം നിയന്ത്രിക്കണമെന്നും പ്രായമായവരെ ബുദ്ധിമുട്ടിക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *