തിരുവനന്തപുരം ലോ കോളേജ് സഘര്‍ഷം: സഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പോര്

Top News

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് സഘര്‍ഷത്തെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ സഭയില്‍ വാക്പോര്.തകര്‍ന്നുതകര്‍ന്ന് പ്രതിപക്ഷ നേതാവിന്‍റെ മനോനില തെറ്റിയെന്നും പഴയ കെഎസ്യുകാരനെ പോലെയോ യൂത്ത് കോണ്‍ഗ്രസുകാരനെ പോലെയോ ഉറഞ്ഞ് തുള്ളുകയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് താഴരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് സതീശനും രംഗത്തെത്തി.കേരളത്തിലെ കലാലയങ്ങളില്‍ എസ്എഫ്ഐക്ക് വലിയ സ്വീകാര്യതയുണ്ടെന്നും ആണ്‍കുട്ടികളുടെ മാത്രം സംഘടന മാത്രമല്ലിതെന്നും ആയിരക്കണക്കിന് പെണ്‍കുട്ടികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രബലമായ ഒരു വിദ്യാര്‍ഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണമെന്നും എസ്എഫ്ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രിയുടെ ന്യായികരണം ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സാണെന്നും സതീശന്‍ വിമര്‍ശിച്ചു. പോലീസ് നോക്കി നില്‍ക്കെ നടന്ന സംഘര്‍ഷത്തെ ന്യായീകരിക്കരുതെന്നും എസ്എഫ്ഐ പ്രവര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ച് അറിയാന്‍ കഴിയാത്ത സാഹചര്യമാണെന്നും സതീശന്‍ ആരോപിച്ചു. ഇത് കണ്ട് നില്‍ക്കാനാകില്ലെന്നും ഇടപെടുമെന്നും സതീശന്‍ പറഞ്ഞു.
എസ്എഫ്ഐ അക്രമം നിസ്സാരമാക്കിയതിലും ഉചിത നടപടി സ്വീകരിക്കാത്തതിലും പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയതോടെയാണ് വാക്പോര് അവസാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *