തിരുവനന്തപുരം: ഉന്നയിച്ച പരാതികളില്‍ പാര്‍ട്ടി ശരിയായ രീതിയില്‍ പ്രതികരിക്കുകയും വേണ്ട തിരുത്തല്‍ വരുത്തുകയും ചെയ്താല്‍ മുസ്ലിം ലീഗുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തെഹലിയും മുഫീദ തെസ്നിയും.പ്രശ്ന പരിഹാരത്തിനായി ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. എല്ലാവരേയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമെന്ന പുതിയ സംസ്ഥാന പസിഡന്‍റ് സ്വാദിഖലി തങ്ങളുടെ വാക്കുകളില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഇരുവരും പറഞ്ഞു. സൂര്യ ഫെസ്റ്റിവലിന്‍റെ ഭാഗമായ പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും.
പ്രശ്ന പരിഹാരത്തിന്‍റെ ഭാഗമായി ഹരിത നേതാക്കള്‍ നല്‍കിയ കേസ് പിന്‍വലിക്കില്ലെന്നും ഇരുവരും പറഞ്ഞു. എം എസ് എഫ് ാന പ്രസിഡന്‍റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗികാധിക്ഷേപം നടത്തിയതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹരിത മുന്‍ നേതാക്കള്‍ രംഗത്തെത്തിയത്. ഇവര്‍ പാര്‍ട്ടിക്ക് പരാതി നല്‍കുകയും നടപടിയില്ലാത്തതിനെ തുടര്‍ന്ന് വനിതാ കമ്മീഷനെ സമീപിക്കുകയുമായിരുന്നു. കമ്മീഷന്‍ നിര്‍ദേശ പ്രകാരം കോഴിക്കോട് വെള്ളയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പികെ നവാസ്, മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ്.