ഇസ്ലാമാബാദ് : രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനുള്ള പണം ധനവകുപ്പിന്‍റെ പക്കലില്ലെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്.ഇന്‍ഫര്‍മേഷന്‍ മന്ത്രി മറിയം ഔറംഗസേബിനൊപ്പം അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ പങ്കെടുത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ആസിഫിന്‍റെ വെളിപ്പെടുത്തല്‍.മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ആസിഫ് വിമര്‍ശിച്ചു. ഇമ്രാന്‍ നടത്തുന്ന വധശ്രമ ആരോപണങ്ങള്‍ കള്ളമാണെന്നും മുന്‍ ആര്‍മി തലവന്‍ ജനറല്‍ ഖാമര്‍ ജാവൈദ് ബജ്വയ്ക്ക് കാലാവധി നീട്ടി നല്‍കിയത് ഇമ്രാനാണെന്നും ഇപ്പോള്‍ ഇമ്രാന്‍ തന്നെ ബജ്വയെ കുറ്റപ്പെടുത്തുകയാണെന്നും ആസിഫ് പറഞ്ഞു.പ്രവിശ്യാ അസംബ്ലികള്‍ പിരിച്ചുവിട്ടുള്ള ഇമ്രാന്‍റെ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വര്‍ഷം ഒക്ടോബറിലാണ് പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്.