. കെട്ടിടത്തില്‍ നിന്ന് വീണാണ് അന്ത്യം
. കോഴിക്കോട് എ ആര് സി കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയാണ്
കോഴിക്കോട്: പ്രമുഖ തിയേറ്റര്‍ ഉടമ കെട്ടിടത്തില്‍ നിന്ന് കാല് വഴുതിവീണ് മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ.ഒ.ജോസഫ് (74) ആണ് മരിച്ചത്. കോഴിക്കോട്ടെ എ ആര് സി കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തിയേറ്ററുകളുടെ ഉടമയാണ്.തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ചങ്ങരംകുളത്ത് നിര്‍മാണത്തിലിരിക്കുന്ന സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ എത്തിയപ്പോഴാണ് വഴുതിവീണ് അപകടം . തലയടിച്ചു വീണ ജോസഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതം കൂടി സംഭവിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു.സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് മുക്കം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും.
മുക്കത്ത് അഭിലാഷ് തിയേറ്റര്‍ സ്ഥാപിച്ചാണ് തുടക്കം. കോഴിക്കോട് നഗരത്തിലെ എ ആര് സി കോറണേഷന്‍ മള്‍ട്ടിപ്ലക്സ് തിയേറ്റര്‍, റോസ് തിയേറ്റര്‍ എന്നിവയിലായി എട്ടോളം സ്ക്രീനുകള്‍ കെ.ഒ. ജോസഫിന്റേതാണ്. പ്രൊജക്ഷന്, ശബ്ദവിന്യാസം എന്നിവയില്‍ വിട്ടുവീഴ്ചയില്ലാത്ത ജോസഫ്, മലബാറിലെ സിനിമാ ആസ്വാദകരുടെ അടുത്ത സുഹൃത്തായിരുന്നു.