തിരുവനന്തപുരം : സംസ്ഥാനത്തെ തിമിര മുക്തമാക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് തിമിരം ബാധിച്ചിട്ടുള്ള 1.36 ലക്ഷത്തോളം പേരുള്ളവരില്‍ 1.13 ലക്ഷത്തോളം പേര്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തി. ബാക്കിയുള്ളവരെ കൂടി കണ്ടെത്തി മുഴുവന്‍ പേര്‍ക്കും തിമിര ശസ്ത്രക്രിയ നടത്തി കാഴ്ച ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ഒഫ്ത്താല്‍മോളജി വിഭാഗത്തെ സജ്ജമാക്കുന്നതാണ്. തിമിരം പ്രതിരോധിക്കുന്നതും വളരെ പ്രധാനമാണ്. പ്രമേഹം പോലെയുള്ള ദീര്‍ഘസ്ഥായീ രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കി ഒരുപരിധിവരെ തിമിരത്തെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനമായി ആചരിച്ചുവരുന്നു. ദേശീയ അന്ധത നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഈ വര്‍ഷം ഒക്ടോബര്‍ 13നാണ് ലോക കാഴ്ചദിനം ആചരിക്കുന്നത്. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ കാഴ്ചദിന സന്ദേശം. അന്ധതയ്ക്ക് കാരണമായ ബഹുഭൂരിപക്ഷം രോഗങ്ങളും പ്രതിരോധിക്കാനോ ചികില്‍സിച്ചു ഭേദമാക്കാനോ സാധ്യമായവയാണ്.