പേരാമ്പ്ര : താലൂക്ക് ആശുപത്രിയില്‍ എക്സ്റേ യൂണിറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ റേഡിയേഷന്‍ അനുമതി ലഭിക്കാത്തതും യുപിഎസ് ഇല്ലാത്തതും കാരണമെന്നു പറയുന്നു.
എക്സ്റേ യൂണിറ്റ് സ്ഥാപിച്ച കമ്പനിക്കു തന്നെയാണ് യുപിഎസ് സ്ഥാപിക്കാനും കരാര്‍ നല്‍കിയത്. എന്നാല്‍, സാങ്കേതിക തടസ്സം കാരണം എത്താന്‍ വൈകുന്നതായി പറയുന്നു. പഴയ യൂണിറ്റ് തകരാറിലായതിനെത്തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് പുതിയ യന്ത്രം വാങ്ങാന്‍ ഫണ്ട് അനുവദിച്ചത്. പഴയ യന്ത്രം നന്നാക്കാന്‍ മൂന്ന് ലക്ഷം രൂപ ചെലവാകും. ഏഴ് ലക്ഷം രൂപ മുടക്കി പുതിയത് വാങ്ങാന്‍ തീരുമാനിച്ചു.
എക്സ്റേ യൂണിറ്റിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. 2011ല്‍ ആണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എക്സ്റേ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മറ്റൊരു സ്ഥലത്ത് ഉപയോഗിച്ച യന്ത്രം ഇവിടെ എത്തിക്കുകയായിരുന്നു.