തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ താര.ജിയും അഭിറാം.പിയും വേഗതാരങ്ങളായി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പാലക്കാടിന്‍റെ താര.ജി ഒന്നാമതായി ഓടിയെത്തി. പത്തനംതിട്ടയുടെ അനാമിക വെള്ളി മെഡലും തിരുവനന്തപുരത്തിന്‍റെ സ്നേഹ ജേക്കബ് വെങ്കല മെഡലും സ്വന്തമാക്കി.സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ മത്സരത്തില്‍ പാലക്കാടിന്‍റെ അഭിറാം. പിയാണ് വേഗജേതാവ്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എറണാകുളത്തിന്‍റെ അന്‍സാഫ് കെ.അഷ്റഫ് ഒന്നാമത് ഓടിയെത്തി. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ എറണാകുളത്തിന്‍റെ അല്‍ഫോന്‍സ ഒന്നാം സ്ഥാനത്ത് എത്തി.സംസ്ഥാന കായികമേളയില്‍ രണ്ടാം ദിവസവും പാലക്കാടിന്‍റെ മുന്നേറ്റം തുടര്‍ന്നു. എട്ട് സ്വര്‍ണവുമായി 68 പോയിന്‍റോടെയാണ് പാലക്കാട് ഒന്നാം സ്ഥാനത്തുള്ളത്. ആറ് സ്വര്‍ണവുമായി മലപ്പുറം രണ്ടാം സ്ഥാനത്താണ്. അഞ്ച് സ്വര്‍ണം നേടിയ എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്.