അനുയായികള്‍ അറസ്റ്റ് തടഞ്ഞതിന് പിന്നാലെ
സംഘര്‍ഷ ഭൂമിയായി ലാഹോര്‍
ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ ( പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് ) പാര്‍ട്ടി ചെയര്‍മാനുമായ ഇമ്രാന്‍ ഖാനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഇസ്ലാമാബാദ് പൊലീസ്.ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനായി ലാഹോറിലെ സമന്‍ പാര്‍ക്കിലെ വസതിക്ക് മുന്നിലെത്തിയ പൊലീസ് സംഘത്തെ പിടിഐ പ്രവര്‍ത്തകര്‍ വീണ്ടും തടഞ്ഞത് സംഘര്‍ഷത്തിന് വഴിവെച്ചു.
അഴിമതിക്കേസില്‍ കോടതി ഉത്തരവ് പ്രകാരം ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ഇതിന് മുന്‍പുണ്ടായ ശ്രമം പാളിയതിന് പിന്നാലെ കവചിത വാഹനങ്ങളിലടക്കമായിരുന്നു പൊലീസ് സംഘം എത്തിയത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍റെ വസതിയ്ക്ക് മുന്നില്‍ തടിച്ച് കൂടിയ അനുയായികള്‍ പൊലീസ് സംഘത്തെ തടയുകയും കല്ലേറ് നടത്തുകയും ചെയ്തതാണ് സംഘര്‍ഷത്തിലേയ്ക്ക് വഴിവെച്ചത്. പിടിഐ പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. തന്‍റെ വസതിയ്ക്ക് പുറത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിന് പിന്നാലെ ഇമ്രാന്‍ ഖാന്‍ വീഡിയോ സന്ദേശം പുറത്തു വിട്ടിരുന്നു. ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ തന്നെ ജയിലിടയ്ക്കുകയോ കൊലപ്പെടുത്തുകയോ ചെയ്താലും പോരാട്ടം തുടരണമെന്ന് വീഡിയോയിലൂടെ ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു.പ്രധാനമന്ത്രിയായിരിക്കെ വിദേശ സന്ദര്‍ശനങ്ങള്‍ക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കള്‍ വിറ്റ് കോടികള്‍ സമ്പാദിക്കുകയും അത് ആദായനികുതി റിട്ടേണില്‍ മറച്ചു വയ്ക്കുകയും ചെയ്തെന്നതാണ് ഇമ്രാനെതിരെ നിലനില്‍ക്കുന്ന തോഷാഖാന അഴിമതിക്കേസ്. ഇതേ കേസില്‍ കോടതി ഉത്തരവ് പ്രകാരമാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ പിടിഐ പ്രവര്‍ത്തകര്‍ ഇമ്രാന്‍ ഖാന്‍റെ വസതിയ്ക്ക് മുന്നില്‍ സുരക്ഷാ വലയം തീര്‍ത്തതോടെ പൊലീസ് ശ്രമം വീണ്ടും പരാജയപ്പെടുകയായിരുന്നു.
അതേസമയം മാര്‍ച്ച് അഞ്ചിനും പൊലീസ് ഉദ്യോഗസ്ഥര്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനായി വസതിയിലെത്തിയതിന് പിന്നാലെ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിയോടെ ലാഹോറിലെ സമന്‍ പാര്‍ക്കിലുള്ള ഇമ്രാന്‍ ഖാന്‍റെ വസതിയിലേക്ക് അറസ്റ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പൊലീസ് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിടിഐ പ്രവര്‍ത്തകര്‍ ശക്തമായി പ്രതിരോധിച്ചതോടെ ഇമ്രാന്‍ ഖാനെ അറസ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് പൊലീസിന് സാധിച്ചിരുന്നില്ല.