മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. അപകടത്തില്‍പ്പെട്ട ബോട്ടിന് ചട്ടങ്ങള്‍ ലംഘിച്ചു സര്‍വീസ് നടത്താന്‍ വഴിവിട്ട് സഹായം ചെയ്തെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണിത്.പൊന്നാനിയിലെ യാര്‍ഡില്‍ വെച്ച് ബോട്ട് രൂപമാറ്റം വരുത്തുമ്പോള്‍ തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദിനെയും സര്‍വേയര്‍ സെബാസ്റ്റ്യനെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. നേരത്തെ അറസ്റ്റിലായ ബോട്ടുടമ നാസറിനും ജീവനക്കാര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഇതോടെ ഉദ്യോഗസ്ഥരടക്കം പ്രതികളായ എല്ലാവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തി.അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍ ചെയര്‍മാനായുള്ള ജുഡീഷ്യല്‍ കമ്മിഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
താനൂര്‍ പൂരപ്പുഴയിലെ തൂവല്‍ത്തീരത്ത് കഴിഞ്ഞ മേയ് ഏഴിന് രാത്രി നടന്ന ബോട്ടപകടത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരാണു മരിച്ചത്. ബോട്ടിന് അനുമതി നല്‍കിയതിലും സര്‍വീസ് നടത്തിയതിലും ഒട്ടേറെ നിയമലംഘനങ്ങള്‍ സംഭവിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.