. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്ന് കോടതി
കൊച്ചി :താനൂര്‍ ബോട്ടപകടത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം സംസ്ഥാനത്ത് ആദ്യമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും കോടതി ചോദിച്ചു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
താനൂരിലേത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും കുട്ടികളടക്കം 22 പേര്‍ മരിച്ചത് കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി, ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല സംഭവത്തില്‍ ഉത്തരവാദിയെന്നും ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ ഇയാള്‍ക്ക് സഹായം കിട്ടിയതെങ്ങനെയെന്നും ആരാഞ്ഞു.
തട്ടേക്കാട്, ഇടുക്കി, തേക്കടി എല്ലാം മറക്കുന്നു, ആരും ഒന്നും പഠിക്കുന്നില്ല. അധികാരികള്‍ കണ്ണടയ്ക്കുകയാണ്. നഷ്ടപരിഹാരം നല്‍കുന്നത് മാത്രമല്ല ചെയ്യേണ്ടത്. ജില്ലാകളക്ടര്‍ പന്ത്രണ്ടാം തീയതിക്കകം റിപ്പോര്‍ട്ട് നല്‍കണം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ താനൂര്‍ ജനങ്ങളെ കോടതി അഭിനന്ദിച്ചു.