തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണത്തില്‍ കുറ്റം ചെയ്തവര്‍ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താനൂര്‍ കസ്റ്റഡി മരണത്തില്‍ നിയമസഭയില്‍ പ്രതിപക്ഷമുന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
പോലീസ് ഭാഗത്തുനിന്ന് ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്.ലോക്കപ്പുകള്‍ ആളെ തല്ലിക്കൊല്ലാനുള്ള ഇടമല്ല. പോലീസിന് അതിനുള്ള അധികാരമില്ല. താനൂര്‍ കസ്റ്റഡി മരണം അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.
സംഭവത്തില്‍ താനൂര്‍ സബ് ഇന്‍സ്പെക്ടര്‍ അടക്കം എട്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തോട് സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കും.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ പക്കല്‍ നിന്നും എം.ഡി.എം.എ പിടിച്ചെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ ഈ കേസും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരണപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. . ലോക്കപ്പ് മരണം, കസ്റ്റഡി മരണം പോലുള്ളവ ഉണ്ടായാല്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ കാണിക്കില്ല. മനുഷ്യ ജീവന്‍റെ പ്രശ്നമാണത്. മുഖ്യമന്ത്രിയുടെ മറുപടിക്കുശേഷം അടിയന്തര പ്രമേയ നോട്ടീസിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. എന്‍. ഷംസുദ്ദീനാണ് അടിയന്തര പ്രമേയ നോട്ടീസിന് അനുമതിതേടിയത്.