സുല്‍ത്താന്‍ ബത്തേരി: അടിക്കടിയുണ്ടാവുന്ന ഇന്ധന വില വര്‍ദ്ധന താങ്ങാനാവാതെ ചരക്ക് ലോറികള്‍ ഓട്ടം നിര്‍ത്തുന്നു. നഷ്ടം കൂടിവന്നതോടെ ജില്ലയിലെ പകുതിയോളം ലോറികള്‍ ഇതിനകം സര്‍വീസ് നിര്‍ത്തി കഴിഞ്ഞു. ചരക്ക് വാഹനങ്ങളുടെ ഓട്ടം നിലയ്ക്കുന്നതോടെ അവശ്യ സാധനങ്ങളുടേത് ഉള്‍പ്പെടെ ലഭ്യത കുറയും. ഇത് വിലകയറ്റത്തിന് കാരണമാകും. ജില്ലയില്‍ അറുനൂറോളം ചരക്ക് ലോറികളാണ് സര്‍വീസ് നടത്തുന്നത്.
ഡീസലിന് 60 രൂപ ഉണ്ടായിരുന്ന സമയത്തെ ലോറി വാടകയാണ് ഇപ്പോഴും ലഭിക്കുന്നത്. ഈ തുക നിലവിലെ സാഹചര്യത്തില്‍ ഇന്ധനം നിറക്കാനും ജീവനക്കാര്‍ക്ക് കൂലി നല്‍കാനും തികയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. സര്‍വീസ് നടത്തി കൂടുതല്‍ കടത്തിലാകേണ്ടെന്ന് കരുതിയാണ് പലരും ഓട്ടം നിര്‍ത്തിയിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് മിക്കവരും ലോറികള്‍ നിരത്തിലിറക്കിയത്. ദിനംപ്രതിയുണ്ടാവുന്ന ഇന്ധനവില വര്‍ദ്ധനവ് വായ്പാ തിരിച്ചടവിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇന്‍ഷ്വറന്‍സ്, ടാക്സ് , പെര്‍മിറ്റ് എന്നിവയ്ക്കെല്ലാമായി ലോറി ഒന്നിന് ഒരു ലക്ഷത്തി പതിനായിരം രൂപ ചെലവ് വരും. ഇവയ്ക്ക് പുറമെ സ്പെയര്‍ പാട്സിന്‍റെയും ടയറുകളുടെയും വില വര്‍ദ്ധനവും താങ്ങണം. ഓട്ടത്തില്‍ കിട്ടുന്ന വരുമാനം കൊണ്ട് ഇതിനെല്ലാം തുക കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് ഉടമകള്‍.
ഇന്ധന വില ജി.എസ്.ടിയില്‍ പെടുത്തുക, കിലോമീറ്റര്‍ വാടക പുതുക്കി നിശ്ചയിക്കുക, അട്ടിമറിക്കൂലി ഒഴിവാക്കുക, ലോറി മേഖലയില്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കുക തുടങ്ങിയ പതിനാലിന ആവശ്യങ്ങളുന്നയിച്ച് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നല്‍കിയിരിക്കുകയാണ്. അനുകൂല തീരുമാനമില്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ ലോറികളും ഓട്ടം നിര്‍ത്താനുളള തീരുമാനത്തിലാണ് ഉടമകള്‍.