കോഴിക്കോട് :തളി ക്ഷേത്ര പൈതൃകപദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തിക്ക് സംസ്ഥാന സര്‍ക്കാര്‍ 1.4 കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തളിയുടെ പൈതൃകം മുന്‍നിര്‍ത്തിയാണ് നവീകരണം. ക്ഷേത്രക്കുളം നവീകരിക്കും. കല്‍മണ്ഡപത്തോടെയുള്ള ജലധാരയും ഒരുക്കും.
നഗരത്തിലെ മറ്റു പ്രധാന ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പൈതൃക പദ്ധതികളും തീര്‍ഥാടക വിനോദസഞ്ചാര വികസന പദ്ധതികളും നടപ്പാക്കും. ശ്രീകണ്ഠേശ്വരം ക്ഷേത്രം ഉള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടും. നഗരത്തെ കൂടുതല്‍ ആകര്‍ഷകവും വിനോദ സഞ്ചാര സൗഹൃദവുമാക്കുന്നതിനായി ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളെ ദീപാലംകൃതമാക്കും. പ്രധാന പാര്‍ക്കുകളും പാലങ്ങളും സൗന്ദര്യവല്‍ക്കരിക്കും. കലാലയങ്ങളിലെ ടൂറിസം ക്ലബ് അംഗങ്ങളെ ഉള്‍പ്പെടുത്തി വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വൃത്തിയായി സംരക്ഷിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും.
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സുരക്ഷയും ശുചിത്വവും ഉറപ്പാക്കും. തളി ക്ഷേത്രത്തിന്‍റെ ചരിത്രപ്രാധാന്യം ഉള്‍ക്കൊണ്ടാണ് വിനോദസഞ്ചാരവകുപ്പ് ആദ്യഘട്ട നവീകരണ പൈതൃക പദ്ധതിക്ക് രൂപംനല്‍കിയത്. ഇതിന്‍റെ ഭാഗമായി 1.25 കോടി രൂപയുടെ പ്രവൃത്തിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.