തളര്‍ന്നുകിടക്കുന്ന പിതാവിനെ വാടകവീട്ടില്‍ ഉപേക്ഷിച്ച മകന്‍ അറസ്റ്റില്‍

Top News

തൃപ്പൂണിത്തുറ : തളര്‍ന്നുകിടക്കുന്ന പിതാവിനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം വീടുവിട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. എരൂര്‍ ലേബര്‍ കോര്‍ണറിനു സമീപമുള്ള വാടക വീട്ടില്‍ പിതാവ് ഷണ്‍മുഖനെ തനിച്ചാക്കിയതിനു മകന്‍ അജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 308 പ്രകാരമാണ് അജിത്തിനെതിരെ കേസെടുത്തത്.മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണനിയമ പ്രകാരമാണ് അജിത്തിനെതിരെ ആദ്യം കേസെടുത്തിരുന്നത്. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.പ്രദീപ് കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. നിയമോപദേശം കിട്ടിയതോടെ ഐപിസി 308 ചുമത്തുകയായിരുന്നു. ഇതിനൊപ്പം ഷണ്‍മുഖന്‍റെ മറ്റു മക്കളുടെയും നാട്ടുകാരുടെയും മൊഴികളും പൊലീസ് പരിഗണിച്ചു.
സംഭവത്തില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രി വീണാ ജോര്‍ജ് ഇടപെട്ട്, 75 വയസ്സുള്ള ഷണ്‍മുഖനു ചികിത്സയും പരിചരണവും ഒരുക്കുന്നതിനു നടപടി സ്വീകരിച്ചിരുന്നു. അജിത്തിനു പുറമേ ഷണ്‍മുഖനു പെണ്‍മക്കളാണുള്ളത്. വാടക വീട്ടില്‍ ഷണ്‍മുഖന്‍ ഒറ്റയ്ക്കു കിടക്കുന്നതു കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണു നാട്ടുകാര്‍ അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *