തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും തല്‍ക്കാലം ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കേണ്ടതില്ലെന്ന് വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു വഴികള്‍ നിര്‍ദേശിക്കാന്‍ കെ.എസ്.ഇ.ബിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുമായുള്ള വൈദ്യുതി മന്ത്രിയുടെ കുടിക്കാഴ്ചയ്ക്കുശേഷം തീരുമാനങ്ങള്‍ പ്രഖ്യാപിക്കും.
വ്യവസായശാലകളില്‍ ഭാഗിക നിയന്ത്രണം കൊണ്ടുവരണമെന്ന നിര്‍ദേശം യോഗത്തിലുണ്ടായി. വന്‍കിട വ്യവസായശാലകളില്‍ രാത്രി സമയങ്ങളില്‍ ചെറിയതോതില്‍ വൈദ്യുതി നിയന്ത്രണം കൊണ്ടുവരാനാണു നിര്‍ദേശമുണ്ടായത്. വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കാന്‍ മാളുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന അഭിപ്രായമുണ്ടായി. ഒഴിവാക്കാവുന്ന ഇടങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണം. കൃഷിക്കുള്ള പമ്പിംഗ് പകല്‍ മാത്രം ആക്കാന്‍ ആലോചനയുണ്ട്. എച്ച്ടി ഉപഭോക്താക്കള്‍ രാത്രി പ്രവര്‍ത്തനം മാറ്റിവയ്ക്കേണ്ടി വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 15 ദിവസം കൊണ്ടു പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.